X

മുഖ്യമന്ത്രിയാകാനില്ലെന്ന് നിതീഷ്; ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധി

പട്ന: ബിഹാറില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യത്തില്‍ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിലേക്കില്ല എന്ന നിലപാടിലാണ് നിതീഷ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

‘നേരത്തെയുള്ള എല്ലാ സ്വാതന്ത്ര്യവും’ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടാകും എന്ന് അറിയിക്കാനായി ബിജെപി നേതാക്കള്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 243 അംഗ സഭയില്‍ 125 സീറ്റാണ് എന്‍ഡിഎ നേടിയിരുന്നത്. ഇതില്‍ 74 സീറ്റും ബിജെപിയുടേതാണ്. ജെഡിയുവിന് 43 അംഗങ്ങളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. മറ്റു സഖ്യകക്ഷികളായ വിഐപിയും എച്ച്എഎമ്മും നാലു വീതം സീറ്റുകള്‍ നേടി.

അതിനിടെ, ചിരാഗ് പാസ്വാനെ ബിജെപി കൈകാര്യം ചെയ്ത രീതിയില്‍ നിതീഷിന് അതൃപ്തിയുണ്ട്. 24 മണ്ഡലങ്ങളാണ് ചിരാഗിന്റെ എല്‍ജെപി വോട്ടു പിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. നിതീഷിനെ തോല്‍പ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നേരത്തെ തന്നെ ചിരാഗ് പ്രഖ്യാപിച്ചിരുന്നു. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ എല്‍ജെപി ബിജെപിക്കെതിരെ പോരടിച്ചിരുന്നുമില്ല.

2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.

പുതിയ സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാറിന്റെ ചുമതലയുള്ള ബിജെപി സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, ബിജെപി പ്രസിഡണ്ട് ഡോ സഞ്ജയ് ജെയ്‌സ്വാള്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Test User: