X
    Categories: MoreViews

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി: ഗുജറാത്തിലെ വട്ഗാമില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഉന സമരനേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനുവരി ഒമ്പതിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. സാമൂഹ്യനീതിക്കായി യുവജനമുന്നേറ്റം എന്ന പേരിലാണ് റാലി സംഘടിപ്പിക്കുന്നത്. രാജ്യമാകെ ദലിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനെയും ഗോരഖ്പൂര്‍ ഡോക്ടര്‍ കഫീലിനെയും മോചിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

അതേ സമയം രാജ്യത്തെ ദലിത് പോരാട്ടങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഊന്നിയാകണമെന്നും മനുവാദത്തെയും ബ്രാഹ്മണിസത്തെയും വിമര്‍ശിക്കുന്നത് മാത്രമാകരുതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. പുണെയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് താന്‍ ബ്രാഹ്മണര്‍ക്ക് എതിരല്ലെന്നും ബ്രാഹ്മണിസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞത്.

ഫാക്ടറി ഉടമകളായ ദലിതര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ബ്രാഹ്മണരായ ആളുകളുണ്ടെന്നും, ഇവിടെ തൊഴില്‍ രംഗത്ത് ചൂഷണം ചെയ്യപ്പെടുകയാണെങ്കില്‍ ബ്രാഹ്മണര്‍ക്ക് ഒപ്പമാവും താന്‍ നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദലിത് യുവാക്കളുടെ അസംതൃപ്തി ശരിയായ ദിശയില്‍ വഴിതിരിച്ച് വിടേണ്ടതുണ്ടെന്നും, അത് ബ്രാഹ്മണ വിരോധത്തില്‍ മാത്രം ഊന്നിക്കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ദലിതരുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ, രാജ്യത്തെ ജിഎസ്ടി-നോട്ട് നിരോധനം വഴി നേരിട്ട കഷ്ടതകള്‍ തുടങ്ങിയ യഥാര്‍ത്ഥ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടാവണം ദലിത് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ദലിത് അദികാര്‍ മഞ്ചിന്റെ പ്രവര്‍ത്തനം ഗുജറാത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സവര്‍ണ്ണ തേരോട്ടത്തിനും മുതലാളിത്ത-കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വേണ്ടിയുള്ള നിയമനിര്‍മ്മാണമാണ് രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

chandrika: