X

ജിഷ്ണുവിന്റെ മരണം; മൂന്ന് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തുടരുന്നു. കോളേജ് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. ഇന്നലെ കോളേജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു.

ജിഷ്ണുവിനെ പരീക്ഷാഹാളില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി പി.ആര്‍.ഒയുടേയും പ്രിന്‍സിപ്പാലിന്റേയും മുറിയില്‍വെച്ച് മര്‍ദ്ദിച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ ആധികാരികത വേണം. മുമ്പ് ദൃശ്യങ്ങള്‍ക്കായി ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. അതിനുവേണ്ടിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോളേജ് പി.ആര്‍.ഒ സഞ്ജിത്തിന്റെ മുറിയില്‍ നിന്നും ജിഷ്ണു മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ നിന്നുമാണ് രക്തസാമ്പിളുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരക്തമാണോയെന്നും ജിഷ്ണുവിന്റേതാണോയെന്നും പരിശോധിച്ചു വരികയാണ്.

അതേസമയം, ജിഷ്ണുവിന്റേത് കൊലപാതകമാണെന്ന് കൂടുംബം ആവര്‍ത്തിച്ചു. ഇന്നലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നത്. കേസ് തെളിയുന്നത് വരെ നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കോളേജില്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അമ്മ പരാതി നല്‍കി.

chandrika: