X
    Categories: Culture

ജുനൈദ് വധം: ധൈര്യം പകര്‍ന്ന്‌ മുസ്ലിം ലീഗ് സംഘം കുടുംബത്തെ കണ്ടു

ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റുമാരായ വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, ദല്‍ഹി സ്‌റ്റേറ്റ് മുസ്‌ലിംലീഗ് സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ജുനൈദിന്റെ വസതിയില്‍ പോയി മാതാപിതാക്കളെയും കുടുംബങ്ങളെയും ആശ്വസിപ്പിച്ചത്.
കൊലപാതകവും തുടര്‍ന്ന് ഇതുവരെയുള്ള സാഹചര്യങ്ങളെയും നിയമപാലകമന്മാരുടെ സമീപനം സംബന്ധിച്ച വിശദമായ വിവരങ്ങളുമെല്ലാം പിതാവില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മുസ്്‌ലിംലീഗ് പ്രതിനിധി സംഘം ശേഖരിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ജൂനൈദിന്റെ സഹോദരനില്‍ നിന്നും മൊഴിയെടുക്കാന്‍ പോലും പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല. ട്രെയിനില്‍ സീറ്റ് സംബന്ധിച്ച തര്‍ക്കത്തിന്മേല്‍ നടന്ന കൊലപാതകമായി ഇതിനെ ലഘൂകരിച്ചു ഈ സംഭവത്തെ ചുരുക്കി കെട്ടാന്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടെ പൊലീസ് ശ്രമിക്കുകയാണ്.
ബീഫ് തിന്നുന്നവര്‍ എന്നധിക്ഷേപിച്ചു തൊപ്പി വലിച്ചൂരുകയും താടി പിടിച്ചു വലിക്കുകയും ചെയ്ത ഫാഷിസ്റ്റ് ആള്‍ക്കൂട്ടം അടിച്ചും കുത്തിയും കൊല്ലുമ്പോള്‍ പ്രധിരോധിച്ചു നിന്നതിന്റെ പേരില്‍ വെട്ടേറ്റു പരിക്കുകളോടെ കിടക്കുന്ന സഹോദരനെയും നേതാക്കള്‍ ആശ്വസിപ്പിച്ചു. ഫാഷിസ്റ്റ് ആള്‍ക്കൂട്ടം കുത്തി കൊന്ന ജുനൈദിന്റെ കുടുമ്പത്തിനു മുസ്്‌ലിം ലീഗ് സമഗ്രമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ വെച്ചു.

chandrika: