X

കര്‍ണന്‍ ഒളിവിലല്ല; സുപ്രീംകോടതി ശിക്ഷ പിന്‍വലിക്കണമെന്നാവശ്യം

ന്യൂഡല്‍ഹി: ശിക്ഷ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍. കര്‍ണന്‍ ഒളിവിലല്ല. ചെന്നൈയിലുണ്ടെന്നും കര്‍ണന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കര്‍ണന് ആറുമാസം ജയില്‍ശിക്ഷ വിധിച്ചത്. പിറ്റേദിവസം അറസ്റ്റുചെയ്യാനായി ചെന്നൈയിലെ കര്‍ണന്റെ വസതിയിലെത്തിയ കൊല്‍ക്കത്ത അന്വേഷണ സംഘത്തിന് കര്‍ണനെ കാണാനായില്ല. കര്‍ണ്ണന്‍ ആന്ധ്രയിലേക്ക് കടന്നുവെന്നായിരുന്നു ചെന്നൈ പോലീസ് അറിയിച്ചത്. അതിനിടെ, കര്‍ണന്‍ രാജ്യം വിട്ടുവെന്ന രീതിയിലും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ കര്‍ണന്‍ ചെന്നൈയിലുണ്ടെന്നും കോടതി ശിക്ഷ പിന്‍വലിക്കണമെന്നും കോടതിയില്‍ അറിയിച്ചു.

ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് ഖേഹറിനേയും ഏഴു ജഡ്ജിമാരേയും അഞ്ചുവര്‍ഷത്തെ കഠിനതടവിന് കര്‍ണന്‍ ശിക്ഷിച്ചിരുന്നു. നേരത്തെ സുപ്രീംകോടതി കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളഞ്ഞിരുന്നു. എന്നിട്ടും ഉത്തരവിറക്കിയപ്പോള്‍ കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പരിശോധനക്കെത്തിയ മെഡിക്കല്‍ സംഘത്തെ കര്‍ണന്‍ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ണന് കോടതിയലക്ഷ്യക്കേസിന് സുപ്രീംകോടതി തടവുശിക്ഷ വിധിച്ചത്.

chandrika: