X

ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം ഉചിതമാണെന്നും സ്വാഗതാര്‍ഹമാണന്നും  കെ.സുധാകരന്‍ 

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അറിയാം. ഏക വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഒരുമിച്ച് ഒരുപോലെ പ്രതികരിക്കുന്നു എന്നാണ് അതിന്റെ പ്രത്യേകകതയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മുസ്ലിം ലീഗ് ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടു പോകില്ല. യുഡിഎഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരില്‍ ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അവരുടെ വികാരവിചാരങ്ങള്‍ എന്നും കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടിട്ടുണ്ട് .അത് നാളെയും തുടരുമെന്ന് കെ. സുധാകരന്‍. ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ തെറ്റിക്കാനും അഭിപ്രായ ഭിന്നത ഉണ്ടാക്കാനും സിപിഎം ശ്രമിച്ചു. അവര്‍ക്ക് കുറുക്കന്റെ നയമാണ്. ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയം ലക്ഷ്യമാണ്. സിപിഎമ്മിന്റെ കെണിയില്‍ ലീഗ് വീഴില്ലെന്ന് തെളിയിച്ച നടപടിയാണ് സിപിഎമ്മിന്റെ സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലീം വിഭാഗത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത എ.കെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേടാണ്. ഇത് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ പറയുന്ന കാര്യമല്ല. ഇത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും അത് എ കെ ബാലന് മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ കുറ്റമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബഹുസ്വരതയുടെ ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ശക്തിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് കൈവിടില്ല. ഏക വ്യക്തി നിയമത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തും. അത് കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഏക വ്യക്തി നിയമത്തിനെതിരെ ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ബഹുസ്വരതാ സംഗമങ്ങള്‍ എന്ന പേരില്‍ ജനസദസ്സുകള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവര്‍ത്തക ചോദ്യത്തിന് മറുപടിയായി, വിവരക്കേട് പറഞ്ഞാല്‍ സഭാ അധ്യക്ഷന്മാര്‍ പ്രതികരിക്കുമെന്നും
എം വി ഗോവിന്ദന്‍ വിവരക്കേട് പറയുന്നതിനും ഒരു പരിധി വേണ്ടേയെന്ന് സുധാകരന്‍ പരിഹസിച്ചു. ഗോവിന്ദന്‍ പറയുന്ന കാര്യങ്ങള്‍ കേരളം മുഖവിലയ്ക്ക് എടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: