X
    Categories: MoreViews

അന്ത്യകൂദാശ പാര്‍ട്ടികള്‍ക്ക് എല്‍.ഡി.എഫ് വെന്റിലേറ്ററാവേണ്ട

മാണിക്കും സി.പി.എമ്മിനുമെതിരെ കാനത്തിന്റെ ഒളിയമ്പ്

 

കുറ്റിയാടി(കോഴിക്കോട്): കെ.എം.മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ പിണാറായിക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റിയാടിയില്‍ നടക്കുന്ന സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയുടെ മുന്നണി പ്രവേശനം എല്‍.ഡി.എഫ് ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ല. ഈ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കും.
സി.പി.എം ദുര്‍ബലപ്പെട്ടാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് സി.പി.ഐ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് പലകാര്യങ്ങള്‍ക്കും മറുപടി പറയാത്തത്. അന്ത്യകൂദാശ അടുത്തുവരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്ററായി മാറേണ്ട സാഹചര്യം എല്‍.ഡി.എഫിനില്ലെന്നും കാനം പറഞ്ഞു. അന്തര്‍ ദേശിയ വിഷയങ്ങളില്‍ സി.പി.ഐക്കും സി.പി.എമ്മിനും ഒരേ നിലപാടാണ് ഉള്ളതെങ്കിലും ചില കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. കോടിയേരിയുടെ ചൈന പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് കാനം പറഞ്ഞു.
മുന്‍ മന്ത്രി മാണിയുടെ കൈയില്‍പ്പോലും നോട്ടെണ്ണുന്ന യന്ത്രം ഉള്ള ഇക്കാലത്ത് റിസര്‍വ്വ് ബാങ്കിന്റെ കൈയ്യില്‍ 66 നോട്ടെണ്ണല്‍ യന്ത്രമേയുള്ളു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഒരിടത്തുപോലും വിമര്‍ശിക്കാതെയും മാണിയെയും സി.പി.എമ്മിനെയും പരോക്ഷമായി പരിഹസിച്ചുകൊണ്ടുമായിരുന്നു കാനത്തിന്റെ പ്രസംഗം. ടി.കെ.രാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, എന്നിവരും കെ.ഇ ഇസ്മയില്‍, സി.എന്‍ ചന്ദ്രന്‍, ബിനോയ്വിശ്വം, സത്യന്‍മൊകേരി, സി.ദിവാകരന്‍, ജെ.ചിഞ്ചുറാണി പ്രസംഗിച്ചു. ഇ.കെ.വിജയന്‍ സ്വാഗതം പറഞ്ഞു.

chandrika: