X

‘കേരളം മാത്രമല്ല ഇന്ത്യ’ പിണറായിയുമായി കൊമ്പ് കോര്‍ത്ത് കാനം

 

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പിണറായിയോട് കൊമ്പു കോര്‍ത്ത് കാനം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണത്തെ പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രിക്കെതിരെയാണ് അതേ വേദിയില്‍ കാനം മറുപടി നല്‍കിയത്. യച്ചൂരിയുടെ വാക്കു കടമെടുത്ത കാനം കേരളം മാത്രമല്ല ഇന്ത്യയെന്ന് പിണറായി മനസിലാക്കണമെന്ന് തുറന്നടിച്ചു. ദേശീയ തലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരേധിക്കാന്‍ വിശാല ഐക്യം അനിവാര്യമാണെന്ന് പറഞ്ഞ കാനം സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടത് കമ്യൂണിസ്റ്റുകാരുടെ ധാര്‍മിക ചുമതലയാണെന്നും അടിവരയിട്ടു.
‘ഇടതുപക്ഷം പ്രതീക്ഷകളും സാധ്യതകളും’ എന്ന സെമിനാറിലാണ് ഇടതു മുന്നണിയിലെ മുഖ്യകക്ഷി നേതാക്കള്‍ തമ്മില്‍ തുറന്ന പോര് നടന്നത്. ഉദ്ഘാടന പ്രസംഗം നടത്തിയ പിണറായി ഇടതു പ്രസ്ഥാനങ്ങള്‍ ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് പറഞ്ഞാണ് വിവാദ പരാമര്‍ശങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസുമായി നീക്കുപോക്കുകളാകാമെന്ന സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കുള്ള മറുപടിയായിരുന്നു പിണറായിയുടെ പ്രസംഗം. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവില്ല, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുപക്ഷ ബദല്‍ ലക്ഷ്യം നിറവേറ്റാനാവില്ല, ജനവിശ്വാസം ആര്‍ജിക്കാവുന്ന നയങ്ങളോ പ്രവര്‍ത്തനശൈലിയോ കോണ്‍ഗ്രസിനില്ല തുടങ്ങി അരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
എന്നാല്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ച കാനം പിണാറായിയുടെ പ്രസംഗത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. കേരളം മാത്രമാണ് ഇന്ത്യയെങ്കില്‍ ഇതൊക്കെ നടക്കുമെന്നായിരുന്നു കാനത്തിന്റെ മറുപടി. ഇന്ത്യയെന്നത് കേരളം മാത്രമല്ലെന്ന് മനസിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. സംഘപരിവാറും ബി.ജെ.പിയുമാണ് മുഖ്യശത്രുവെന്ന് തര്‍ക്കമില്ലാത്ത സത്യമാണ്. സി.പി.ഐ (എം) തന്നെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശത്രുവിനെ നേരിടുന്നതിനു മറ്റു കക്ഷികളുടെ സഹകരണം തേടുന്നതിനു തടസമില്ല. ദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും കക്ഷികളുടെ ശക്തിക്കുമൊക്കെ അനുസരിച്ചു മാത്രമേ ചെറുത്തു നില്‍പ് സാധ്യമാവു. സാഹചര്യത്തിന് അനുസരിച്ച് ഉയരാന്‍ തേതൃത്വത്തിനാവണം. പ്രായോഗിക രാഷ്ട്രീയത്തിന്റെ പടവുകള്‍ ചവിട്ടി കയറാന്‍ ശ്രമിക്കണം. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശരാക്കരുതെന്നും കാനം പറഞ്ഞു. കയ്യടിയോടാണ് പ്രവര്‍ത്തകര്‍ കാനത്തിന്റെ വാക്കുകളെ വരവേറ്റത്.
ഇടതു സര്‍ക്കാറിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഇന്നലെ നടന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കെതിരെ അമ്പെറിയാനും പാര്‍ട്ടി മറന്നില്ല. മുഖ്യമന്ത്രിയുടെ ഒന്‍പത് ഉപദേശകരും എല്‍.ഡി.എഫ് നയത്തിനെതിരാണെന്നു രാവിലെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ലൈഫ് പദ്ധതി തട്ടിപ്പെന്നും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയെന്നുമുള്ള വിമര്‍ശനങ്ങളും സമ്മേളനത്തിലുയര്‍ന്നു. എന്നാല്‍ സര്‍ക്കാറിന്റെ പോക്ക് നല്ല നിലയിലാണെന്നും കാര്‍ഷിക, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

chandrika: