X
    Categories: CultureMoreViews

തനിക്കെതിരായ ഹരജി സ്വന്തക്കാരുടെ ബെഞ്ചിന് വിട്ട ദീപക് മിശ്രയുടെ അതിബുദ്ധിയെ പൊളിച്ചടുക്കി കബില്‍ സിബല്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയും വിശ്വസ്തരായ ജഡ്ജിമാരെക്കൊണ്ട് വാദം കേള്‍പ്പിച്ച് ലോയ കേസും പ്രസാദ് മെഡിക്കല്‍ ട്രസ്റ്റ് കേസും പോലെ വിധി പറഞ്ഞ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ പൊളിഞ്ഞുപോയത് ദിപക് മിശ്രയുടെ തന്ത്രങ്ങളാണ്.

ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.പിമാര്‍ ഹരജി നല്‍കിയത്. നിങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് ഹരജി നല്‍കേണ്ടത് എന്ന് ചെലമേശ്വര്‍ പറഞ്ഞപ്പോള്‍ ഇത് അദ്ദേഹം കക്ഷിയായ ഹരജിയാണെന്നും അതിനാല്‍ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ അങ്ങ് പരിഗണിക്കണമെന്നും കബില്‍ സിബലും പ്രശാന്ത് ഭൂഷണും കോടതിയെ അറിയിച്ചു. എങ്കില്‍ നാളെ ഓര്‍മ്മിപ്പിക്കൂ എന്നായിരുന്നു ചെലമേശ്വറിന്റെ മറുപടി.

ചെലമേശ്വര്‍ ഹരജി പരിഗണിക്കുന്നത് തടയാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ദീപക് മിശ്ര രാത്രി തന്നെ തന്റെ വിശ്വസ്തനായ ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഹരജി ചെലമേശ്വറിന്റെ ബെഞ്ചില്‍ നിന്ന് മാറ്റുകയായിരുന്നു. ഭരണഘടനാ ബെഞ്ച് ഹരജി പരിഗണിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തന്ത്രങ്ങള്‍ക്ക് ഭരണഘടനയുടെ 145 (3) കൊണ്ട് കപില്‍ സിബല്‍ മറുപടി നല്‍കിയപ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒന്നാകെ മറുപടിയില്ലാതെ വെള്ളം കുടിച്ചു. കോടതിക്ക് മുമ്പാകെ ഇനിയും എത്താത്ത ഒരു ഹരജി എങ്ങിനെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന ചോദ്യത്തിന് അര മണിക്കൂര്‍ ആലോചിച്ചിട്ടും അഞ്ച് ജഡ്ജിമാര്‍ക്കും മറുപടി പറയാനായില്ല.

ഇതിനിടയില്‍ ലളിതമായ ഒരേ ഒരു ആവശ്യമേ സിബല്‍ ഉന്നയിച്ചുള്ളൂ. കോടതി ലിസ്റ്റ് പോലും ചെയ്യാത്ത തങ്ങളുടെ ഹരജി അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റി ദീപക് മിശ്ര പുറപ്പെടുവിച്ച ഉത്തരവിന്റെ ഒരു കോപ്പി നല്‍കണം. ചീഫ് ജസ്റ്റിസിന്റെ കളിയറിയുന്ന, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ബെഞ്ച്, ഉത്തരവ് നല്‍കുമെന്നോ നല്‍കില്ലെന്നോ പറയാനാകാതെ വിഷമവൃത്തത്തിലായി. താങ്കള്‍ കേസ് വാദിച്ചു തുടങ്ങിക്കോളൂ, അക്കാര്യത്തില്‍ ഞങ്ങള്‍ ആലോചിച്ച് തീരുമാനം പറയാമെന്നായി ബെഞ്ചിനെ നയിക്കുന്ന സിക്രി. ഉത്തരവിന്റെ കോപ്പി നല്‍കുമോ ഇല്ലേ എന്ന് പറഞ്ഞേ മതിയാകൂ എന്ന് നിലപാടില്‍ കബില്‍ സിബല്‍ ഉറച്ച് നിന്നതോടെ ജഡ്ജിമാര്‍ മറുപടിയില്ലാതെ കുഴങ്ങി. കോപ്പി നല്‍കാതെ വാദം തുടങ്ങാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയ സിബല്‍ ഹരജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി പിന്‍വലിച്ചതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: