X

അതേ, ഖാന്‍ എന്നാണ് അയാളുടെ പേര്, അതു തന്നെയാണ് പ്രശ്‌നം

‘A complete reading of the speech primafacie does not disclose any effort to promote hatred or violence. It also no where threatens peace and tranquility of the city of Aligarh. The address gives a call for national integrity and unity among the citizens. The speech also deprecates any kind of violence. It appears that the District Magistrate had selective reading and selective mention for few phrases from the speech ignoring its true intent,’

ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്നും, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് റദ്ദാക്കണമെന്നും ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായത്തിലെ 32-33 പേജുകളിലെ നിരീക്ഷണത്തില്‍ നിന്ന്

കെ.എസ്. മുസ്തഫ
വര: അനൂപ് കെ.ആര്‍

ഭരണകൂട ഭീകരതയുടെ ഇരയായി 210 ദിവസം നീണ്ട കാരാഗൃഹവാസത്തിന് ശേഷം മഥുര ജയിലില്‍ നിന്ന് സ്വാതന്ത്രത്തിന്റെ ജീവശ്വാസത്തിലേക്ക് തിരിച്ചറിങ്ങുമ്പോള്‍ ഡോ. കഫീല്‍ ഖാന്റെ കണ്ണ് നിറഞ്ഞത് അനീതിയുടെ ഇരുമ്പുമറയില്‍ നിന്ന് മോചിതമായതിന്റെ സന്തോഷത്താലായിരുന്നില്ല. സ്വന്തം കുഞ്ഞുങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും പറിച്ചെടുത്ത് ഒരു ദിവസം പൊടുന്നനേ ജയിലിലഴിക്കുള്ളിലടക്കപ്പെട്ടത് എന്തുകുറ്റത്തിനാണെന്ന് പോലും മനസ്സിലാവാത്ത പരമനിസ്സഹായവസ്ഥയുടെ നിലവിളിയായിരുന്നു അത്. ഒരു സ്വതന്ത്ര രാജ്യത്തെ പൗരന് അനീതിക്കെതിരെ പ്രതികരിക്കാന്‍ പോലും അവകാശമില്ലെന്ന പേടിപ്പെടുത്തുന്ന ഭീകരതയുടെ പാഠമാണ് ഡോ. കഫീല്‍ ഖാനെന്ന ശിശുരോഗവിദഗ്ധന്റെ ജീവിതം ഇന്ത്യക്കാരെ പഠിപ്പിക്കുന്നത്.

തടവുകാരാല്‍ തിങ്ങി നിറഞ്ഞ മധുര ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തകര്‍ന്നപോയ മനസ്സും ശരീരവുമായിരുന്നു ഡോ. ഖാന്റേത്. ഊര്‍ജ്ജസ്വലമായ കണ്ണുകള്‍ പോലും കൂമ്പിയിരുന്നു. അര്‍ധരാത്രിയിലും തന്നെ കാത്തിരുന്ന സ്‌നേഹങ്ങള്‍ക്ക് മുന്നില്‍ അയാള്‍ കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു. തിങ്ങിക്കൂടിയ മാധ്യമങ്ങളോട് അല്‍പം സംസാരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ധൃതിപ്പെട്ടു. ‘എല്ലാ പിന്തുണക്കാരുടെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിട്ടുണ്ട്” കൂടിനിന്നവരോട് മൂത്ത സഹോദരി ഫര്‍ഖന്ദ പറഞ്ഞു. അമ്മിയും ഭാര്യയും സഹോദരങ്ങളും അപ്പോഴും അയാളുടെ തോളില്‍ ചേര്‍ന്ന് കരഞ്ഞുകൊണ്ടിരുന്നു. രാത്രി വൈകി വീട്ടിലെത്തുമ്പോഴേക്കും കൗമാരം തൊടാനായിട്ടില്ലാത്ത മൂന്ന് മക്കളും ഉറങ്ങിയിരുന്നു. പിറ്റേ ദിവസത്തെ വെളിച്ചത്തിലാണ് അയാള്‍ക്ക് തന്റെ മക്കളെ നേരിട്ടൊന്നൊടുത്ത് കൊഞ്ചിക്കാനായത്. വാല്‍സല്യത്തിന്റെ വീര്‍പ്പുമുട്ടലില്‍ അയാളവരെ കെട്ടിപ്പിടിച്ചു, വാരിയെടുത്തു, അവര്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു, മതിയാവോളം മുത്തം കൊടുത്തു. ഹൃദയമില്ലാത്ത ഭരണാധികാരികള്‍ തനിക്കായി വീണ്ടും ചൂണ്ട കൊരുക്കുന്നത് കൃത്യമായി അറിയാവുന്ന ആ മനുഷ്യന്റെ ഹൃദയം അന്നേരം തേങ്ങിയിരിക്കണം.

അതിദയനീയമായിരുന്നു ഡോ. ഖാന്റെ മഥുര ജയില്‍വാസം. ഭക്ഷണത്തിനും പ്രാഥമിക കൃത്യങ്ങള്‍ക്കും പ്രയാസപ്പെടേണ്ടിവന്ന ഖാന് അതിനേക്കാള്‍ ഹൃദയവേദനയുണ്ടാക്കിയത്, എന്തിന്റെ പേരിലാണ് താനിങ്ങനെ ശിക്ഷിപ്പെടുന്നത് എന്നതിനെക്കുറിച്ച് പോലും അറിയാന്‍ കഴിയാത്തതായിരുന്നു. ജയില്‍വാസം 156 ദിവസം പിന്നിട്ടപ്പോള്‍ ഡോ. ഖാന്‍, സഹോദരന്‍ അദീല്‍ ഖാന് ജയിലില്‍ നിന്നെഴുതിയ കത്തില്‍ ആ ദൈന്യത മുഴുവനുമുണ്ട്.

”534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണ്. തിങ്ങിനിറഞ്ഞ ബാരക്കില്‍ എല്ലാ സമയത്തും വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഗന്ധം നിറഞ്ഞുനില്‍ക്കും. ഉറങ്ങുമ്പോള്‍ ആരുടെയൊക്കെ കൈകളും കാലുകളും ആരുടെയൊക്കെ ദേഹത്തായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ലൈറ്റുകള്‍ അണഞ്ഞുകഴിഞ്ഞാല്‍ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചുമണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്ത് കുറ്റത്തിന്റെ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?”

ഡോ. കഫീല്‍ ഖാന്‍

”ഭക്ഷണസമയത്ത് ബാരക് തുറക്കുമ്പോഴല്ലാതെ വായുസഞ്ചാരമെത്താത്ത രീതിയിലാണ് തടവുകാര്‍ കഴിയുന്നത്. ഇത്രയധികം പേരുള്ള ബാരക്കില്‍ സാമൂഹിക അകലം പാലിക്കാനുള്ള ഒരു സാധ്യതയും ഇല്ല. ഈച്ചകളും കൊതുകുകളും എപ്പോഴും ചുറ്റും പറന്നുകൊണ്ടിരിക്കും, ഓടിച്ചില്ലെങ്കില്‍ ദേഹമാകെ വന്ന് പൊതിയും. റൊട്ടിയും വെള്ളം നിറഞ്ഞ പരിപ്പുകറിയും സബ്ജിയുമാണ് ഉച്ചഭക്ഷണം. വെള്ളത്തോടൊപ്പം മൂന്ന് റൊട്ടി വരെ കഴിക്കാം, ജീവന്‍ നിലനിര്‍ത്തേണ്ടതുകൊണ്ട് മാത്രം അത് കഴിക്കുന്നു.

പനമരം പരക്കുനി ആദിവാസി കോളനിയിലെ ലിനിയുടെ കൈക്കുഞ്ഞുമായി ഡോ.കഫീല്‍ ഖാന്‍ കൂരക്ക് മുന്നില്‍ (ചന്ദ്രിക ആര്‍ക്കൈവ്‌സ്)

ആറുമണിയോടെ ബാരക് അടച്ചുകഴിഞ്ഞാല്‍ പിന്നെയും വീര്‍പ്പുമുട്ടല്‍ തുടരും. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നോവല്‍ വായിക്കാന്‍ ശ്രമിക്കും. പക്ഷേ പറ്റില്ല, അത്രയധികം ശ്വാസംമുട്ടലാണ്. എനിക്കതിന്റെ തീവ്രത വിവരിക്കാന്‍ കഴിയില്ല. ലൈറ്റ് അണയുന്നതോടെ ചൂടില്‍ സ്വന്തം വിയര്‍പ്പ് കൊണ്ട് ഉടുപ്പ് നനയും. ഒരു മീന്‍ മാര്‍ക്കറ്റിലേതുപോലുളള ഗന്ധം നിറഞ്ഞുതുടങ്ങും. എപ്പോഴാണ് ഈ നരകത്തില്‍ നിന്ന് ഒന്നു പുറത്തിറങ്ങാന്‍ കഴിയുക എന്ന് ആലോചിക്കും. ഞാന്‍ ശിക്ഷിക്കപ്പെടുന്നതിന്റെ കാരണം എന്താണ്? എപ്പോഴാണ് എനിക്ക് മക്കളെയും ഭാര്യയെയും അമ്മിയെയും സഹോദരങ്ങളെയും കാണാന്‍ കഴിയുക? കോവിഡ് 19 നെതിരെ എപ്പോഴാണ് എനിക്ക്

എന്റെ സേവനം ഉറപ്പാക്കാന്‍ കഴിയുക?” കത്തില്‍ അയാളുടെ ഉള്ളുരുകിയൊലിച്ചിരുന്നു.
ഘോരക്പൂര്‍ ദുരന്തത്തിന് പിന്നാലെ ഏഴ് മാസത്തെ ജയില്‍വാസമേല്‍പ്പിച്ച മുറിവുണങ്ങുന്നതിന് മുമ്പാണ് 2020 ജനുവരി 29ന് ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നത്. അലിഗഢ് മുസ്്‌ലിം യൂണിവേഴ്സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വര്‍ഗീയമാണ് എന്നതായിരുന്നു കുറ്റം. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തു. മെയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം തടവ് ഓഗസ്റ്റ് വരെ നീട്ടിയിരുന്നെങ്കിലും ഡോ. ഖാന്റെ തടവ് നിമയത്തിലെ തെറ്റും നിയമവിരുദ്ധവുമാണെന്ന് പ്രസ്താവിച്ച് സെപ്തംബര്‍ 1ന് അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാനെ ഉടനെ വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയയായിരുന്നു.

സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ കുരുന്നു ജീവനുകള്‍ രക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്തു എന്നിടത്താണ് ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോക്ടര്‍ ഖാന്‍, യു.പി ഭരണകൂടത്തിന് കരടായി മാറുന്നത്. എന്‍സെഫലൈറ്റിസ് ബാധിച്ച 67 കുട്ടികള്‍ മരിച്ച ദുരന്തത്തിന് പിന്നാലെ യോഗി ആദിത്യനാഥ് ഭരണകൂടം ഡോ. ഖാനുള്‍പ്പെടെ ഒമ്പത് പേരെ ജിയിലിടപ്പിച്ചു. ഏഴ് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ച് കുടുംബത്തെ കാണാനായത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചയുടനെ ബഹ്റൈച്ച് ജില്ലാ ആസ്പത്രിയില്‍ ബഹളം സൃഷ്ടിച്ചതിന്?’ അദ്ദേഹത്തെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പക്ഷെ, അന്നേദിവസം തന്നെ ജാമ്യം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ 24 മണിക്കൂര്‍ കടന്നുപോകുന്നതിന് മുമ്പുതന്നെ, 2009ല്‍ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നതിനായി ‘വ്യാജ’ രേഖകള്‍ സമര്‍പ്പിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. പക തീരാത്ത യോഗിപ്പട ഡോ. ഖാന്റെ കുടുംബത്തെയും വെറുതെ വിട്ടില്ല. 2018 ജൂണ്‍ 10ന് ഖഫീല്‍ ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിനെ വെടിച്ചെ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ രാഷ്ട്രീയവും വ്യക്തമായിരുന്നു. നീതിയേക്കാള്‍ പ്രതികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഭരണകൂടത്തിന് കീഴില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഡോ. ഖാന് ലഭിച്ച ജാമ്യത്തില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലെന്നതാണ് വാസ്തവം.

ഡോ. കഫീല്‍ ഖാന്‍ മഥുര ജയിലില്‍ നിന്ന് മോചിതനായതി പുറത്തേക്ക് വരുന്നു

കാരണമറിയാതെ മാസങ്ങളോളം ജയിലിലിടക്കപ്പെട്ട ഡോ. ഖാന്‍ ഇന്ത്യയുടെ നോവാവുന്നത്, അനീതിയുടെ ആഴപ്പെരുപ്പം കാരണമാണ്. അയാളുടെ പേരില്‍ ‘ഖാന്‍’ എന്നത് ചേര്‍ന്നിരിക്കുവോളം കാലം യോഗി ആദിത്യനാഥിന് അദ്ദേഹം പകയൊടുങ്ങാത്ത ഇര തന്നെയായിരിക്കും. കൊറോണ വൈറസ് പാന്‍ഡമിക്കുകള്‍ക്കിടയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നിരവധി പേരുകളില്‍ തല്‍ക്കാലത്തേക്ക് ആത്മനിര്‍വൃതിയടങ്ങുന്ന ഫാഷിസ്റ്റ് ഭരണകൂടം, അധികം വൈകാതെ തന്നെ ഡോ. ഖാനെതിരെ വീണ്ടും തിരിയുമെന്ന് ഏറ്റവും ബോധ്യമുള്ളതും ഡോ. ഖാന് തന്നെയാണ്.

കോടതി നല്‍കുന്ന ആശ്വാസത്തിന്റെ തണലുകള്‍ക്കിടയിലും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഭരണകൂട ഭീകരത ഡോ. കഫീല്‍ ഖാനില്‍ മാത്രമൊതുങ്ങുന്നുമില്ല. ഇന്ത്യയിലെ 180 ദശലക്ഷം മുസ്ലിം ന്യൂനപക്ഷത്തോട് വിവേചനം കാണിക്കുകയും രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ച ജാമിഅ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്, പതിറ്റാണ്ടുകളോളുടെ ജയില്‍വാസം വിധിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅ്ദനി, വരവര റാവു, സായി ബാബ തുടങ്ങിയ അനേകം പേരുകളെ രാജ്യദ്രോഹികളെന്ന ചാപ്പ കുത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിപ്പോഴും ഫാഷിസ്റ്റ് ഭരണകൂടം.

ഒരു കുറ്റവും തെളിയിക്കപ്പെടാതെ ജയിലില്‍ നിന്നിറങ്ങിയാലും അതിനിടക്ക് തന്നെ ദേശദ്രോഹികളെന്ന മുദ്ര പതിപ്പിച്ചിട്ടുണ്ടാവും സമൂഹം ഇവരുടെ പേരുകളില്‍. ആ മുദ്രയും പേറി വേണം സ്വന്തം രാജ്യത്ത് ഇവര്‍ക്കോരോരുത്തര്‍ക്കും ജീവിക്കാന്‍. അധികാരത്തിന്റെ മറവില്‍ ഭരണകൂടം നടത്തുന്ന വേട്ടയില്‍ പാതി തളര്‍ന്ന ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ ഈ തുറിച്ചുനോട്ടം കൂടിയാവുന്നതോടെ ആത്മാഭിമാനം പോലും നഷ്ടപ്പെട്ടവരായി ഇരകള്‍ മാറുന്നു. അതുകൊണ്ട് തന്നെ നീതി വറ്റാത്ത കോടതിയുടെ കനിവില്‍ ജയില്‍ മോചനം സാധ്യമായാലും ഡോ. ഖഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുള്ള വേട്ട അവസാനിക്കുകയുമില്ല.

Test User: