X

റബാദ നമ്പര്‍ വണ്‍

 

ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ ഒന്നമനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിറകിലാക്കിയാണ് റബാദ എന്ന 22 കാരന്‍ ആദ്യമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

കേപ്ടൗണില്‍ ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് നേടിയിരുന്നു റബാദ. ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയ റബാദ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സിന് രണ്ട് പേരെ പുറത്താക്കിയിരുന്നു. അതേ സമയം ഒന്നാം ടെസ്റ്റില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട വെര്‍നോണ്‍ ഫിലാന്‍ഡര്‍ പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്ത് എത്തി. അവസാന റാങ്ക് പട്ടികയില്‍ ഫിലാന്‍ഡര്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ഇന്ത്യക്കെതിരായ പ്രകടനം വഴി റബാദ റാങ്കിംഗില്‍ അഞ്ച് പോയന്റ് സ്വന്തമാക്കിയപ്പോള്‍ അതേ സമയത്ത് തന്നെ നടന്ന ആഷസ് പരമ്പരയില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ആന്‍ഡേഴ്‌സണ് കഴിഞ്ഞിരുന്നില്ല. 56 റണ്‍സിന് ഒരു വിക്കറ്റായിരുന്നു ആന്‍ഡേഴ്‌സന്റെ നേട്ടം. പുതിയ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് റബാദ പറഞ്ഞു. ക്രിക്കറ്റ് ടീം ഗെയിമാണ്. എന്റെ നേട്ടത്തിന് പിറകില്‍ ടീമിലെ സഹതാരങ്ങളാണ്. അവര്‍ക്കാണ് ഈ നേട്ടം സമര്‍പ്പിക്കുന്നതെന്ന് റബാദ പറഞ്ഞു.

ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെ ഒന്നാമന്‍. 947 പോയന്റുണ്ട് അദ്ദേഹത്തിന്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ സ്ഥാനം ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് തട്ടിയെടുത്തു. കോലി മൂന്നാമതും ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ കെയിന്‍ വില്ല്യംസണ്‍ നാലാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര അഞ്ചാമനുമാണ്.

chandrika: