X
    Categories: keralaNews

ഇത് മാധ്യമപ്രവര്‍ത്തനമല്ല, തോന്ന്യാസം; ചന്ദ്രികയുടെ പേരില്‍ വ്യാജവാര്‍ത്ത പടച്ച് കൈരളി

കോഴിക്കോട്: ചന്ദ്രികയുടെ പേരില്‍ വ്യാജവാര്‍ത്ത പടച്ച് സ്വയം പരിഹാസ്യരായി കൈരളി. ചന്ദ്രിക ഓണ്‍ലൈനിലെ ടെക് വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഐഫോണ്‍ സംബന്ധിച്ച വാര്‍ത്തയാണ് വളച്ചൊടിച്ച് കൈരളി സ്വന്തം രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ചത്. വാര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളുന്നതാണ് എന്നാണ് കൈരളി ആരോപിച്ചത്. യഥാര്‍ത്ഥത്തില്‍ മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാന ന്യൂസ് വെബ്സൈറ്റുകളിലെല്ലാം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു അത്. വരുംതലമുറ ഫോണായ ഐ ഫോണ്‍ 12 സീരീസ് ആപ്പിള്‍ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്ത.

ഒരു കക്ഷി രാഷ്ട്രീയത്തെ കുറിച്ചും പരാമര്‍ശിക്കാത്ത, തീര്‍ത്തും നിരുപദ്രവകരമായ വാര്‍ത്ത ഉപയോഗിച്ച് പ്രതിപക്ഷ നേതാവിനെയും മുസ്ലിംലീഗിനെയും കൂട്ടിക്കെട്ടി വ്യാജവാര്‍ത്ത പടക്കുകയായിരുന്നു കൈരളി. ഐഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്ന വാര്‍ത്തയെ കൈരളി റിപ്പോര്‍ട്ടര്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു. ചാനലിന്റെ രാഷ്ട്രീയ വിഷയ ദാരിദ്ര്യം തുറന്നു കാട്ടുന്നതു കൂടിയായി ഈ വാര്‍ത്ത.

ഐഫോണ്‍ വിവാദത്തില്‍ ലീഗ് നേതാക്കളാരും ചെന്നിത്തലയെ പിന്തുണക്കാനെത്തിയില്ല എന്നാണ് വാര്‍ത്ത ആരോപിക്കുന്നത്. ചന്ദ്രികയിലെ വാര്‍ത്തകള്‍ തിരഞ്ഞ് അത് സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ച റിപ്പോര്‍ട്ടര്‍, ഐഫോണ്‍ വിവാദത്തില്‍ സ്വന്തം പാര്‍ട്ടി നിലപാട് നോക്കാന്‍ മറന്നുപോയി എന്നതാണ് ഏറെ കൗതുകകരമായത്. ചെന്നിത്തലക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന കാരണത്താല്‍ അത് രാഷ്ട്രീയ ആയുധമാക്കേണ്ടതില്ല എന്നാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നത്.

ചെന്നിത്തല ഐഫോണ്‍ വാങ്ങിയതിന്റെ തെളിവുകള്‍ കൈരളി പുറത്തുവിട്ടിരുന്നു എന്നാണ് കൈരളി വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ആരെങ്കിലും വിളിച്ചുപറയുന്നതെല്ലാം ഏറ്റെടുക്കുന്നവരല്ല സിപിഎം നേതാക്കള്‍ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രാത്രി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത സിപിഎം നേതാക്കളെല്ലാം കോടിയേരിയുടെ വാക്കുകള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. പാര്‍ട്ടി ചാനലായ കൈരളി പുറത്തുവിട്ടു എന്ന് അവകാശപ്പെടുന്ന തെളിവുകള്‍ സിപിഎം നേതാക്കള്‍ക്ക് പോലും വിശ്വാസമില്ലെന്നാണ് അവര്‍ പരസ്യമായി പറയുന്നത്.

വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കുന്ന കൈരളിയുടെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ഐഫോണ്‍ സംബന്ധിച്ച കൈരളിയുടെ വാര്‍ത്ത. ഒരു ടെക് വാര്‍ത്തയെ കൈരളി എങ്ങനെ സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിച്ചു എന്നു പരിശോധിച്ചാല്‍ മാധ്യമധാര്‍മ്മികതയെ കുറിച്ചുള്ള പഠനക്ലാസ് സിപിഎം ആരംഭിക്കേണ്ടത് എവിടെ നിന്നാണെന്ന് വ്യക്തമാവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: