X

കള്ളരാമൻ: ദേശത്തിന്റെ പൊരുൾ തേടുന്ന കഥകൾ

ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള പിഴവുകളൊന്നുമില്ലാതെ കഥപറയുന്നു. ഗ്രാമീണ അനുഭവങ്ങളുടെയും ഗൃഹാതുരതയുടെയും മണവും രുചിയും ഇഴചേരുന്ന കഥകൾ അതീവസൂക്ഷ്മതയോടെ അടയാളപ്പെത്തിയിരിക്കുന്നു ‘കള്ളരാമൻ’ എന്ന കഥാസമാഹാരത്തിൽ. വാക്കും വരയും സമന്വയിക്കുന്ന കഥപറച്ചിലുകളാണിതിൽ. മൗലികമായ ഒരു കഥാഭൂമികതന്നെ മുഖ്താർ അവതരിപ്പിക്കുന്നു എന്നതാണ് കള്ളരാമനെ ശ്രദ്ധേയമാക്കുന്നത്. സവിശേഷ ശൈലിയിൽ ആവിഷ്‌കരിക്കുന്ന ഏഴ് കഥകളിലൂടെ മലയാള കഥാസാഹിത്യത്തിൽ ഇടംപിടിക്കുകയും ചെയ്ത ഒരു യുവകഥാകൃത്തിന്റെ  കലാസാക്ഷ്യമാണ് ഈ കൃതി.
യാഥാർത്ഥ്യങ്ങളെ സ്പർശിക്കുമ്പോഴും ജീവിതത്തിന് രൂപം കൊടുക്കുന്ന ആധാരശില ദൃഢമാക്കുന്നതിൽ മിത്തുകൾക്ക് വലിയ പങ്കുണ്ട്. ഒറ്റനോട്ടത്തിൽ അയുക്തികമെന്നു തോന്നാമെങ്കിലും ദേശപ്പെരുമയും ഭാഷണ വൈവിധ്യങ്ങളും കഥയിലേക്ക് കൊണ്ടു വരുന്നതിൽ മുഖ്താർ പ്രകടിപ്പിക്കുന്ന ജാഗ്രത കഥകളിൽ തെളിഞ്ഞുനിൽക്കുന്നു.

മുഖ്താര്‍ ഉദരംപൊയില്‍

മഞ്ഞീല്, ഗുലാഫീ സുലാഫീ, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കള്ളരാമൻ, കൂർസും കൂർസും, കൊട്ടംചുക്കാദി എന്നിങ്ങനെ ഏഴ് കഥകളാണ് പുസ്തകത്തിലുള്ളത്. കഥയുടെ രൂപഭാവങ്ങളിൽ പുതുമയും സൂക്ഷ്മതയും നിലനിർത്തുന്ന എഴുത്തുകാരനാണ് മുഖ്താർ. ഏറനാടൻ ജീവിതവും മിത്തുകളും നാട്ടറിവുകളും ആവിഷ്‌കരിക്കുന്ന ഈ കഥകൾ സ്ഥാപിതമായ കഥപറച്ചിൽ സമ്പ്രദായത്തെ തകിടം മറിക്കുന്നു; തിരസ്‌കരിക്കുന്നു. ജീവിതത്തിലെ ആത്യന്തികമായ സത്യങ്ങളിലൊന്നാണ് മരണം. മരണശേഷം ബാപ്പ കോലായിൽ ഇരിപ്പുണ്ടെന്ന് തോന്നുകയാണ് കൊട്ടംചുക്കാദിയിലെ കഥപറച്ചിലുകാരന്. ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ ഒട്ടേറെ പ്രശ്‌നങ്ങൾ കഥയിലൂടെ പറയാൻ ശ്രമിക്കുന്നു. മഞ്ഞീല് എന്ന കഥയിൽ ഏറ്റുമീൻ കാലത്തിലൂടെ വല്യുപ്പയുടെ ജീവിതം വരയ്ക്കുകയാണ് കഥാകൃത്ത്. കഥാവസാനത്തിൽ മരണഗന്ധത്തേയും മീൻഗന്ധത്തേയും ഓർമ്മയിലേക്ക് തിരിച്ചുവിളിക്കുന്നു.

നാട്ടുവഴിയിലൂടെ ഒരു യാത്രയാണ് ഗുലാഫീ സുലാഫീ. കൗമാരത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന സൈക്കിൾ സഞ്ചാരം. ചിരിക്കു പിന്നിൽ മറഞ്ഞിരിക്കുന്ന കണ്ണീർപ്പാടമാണ് ഹായ് കൂയ് പൂയ്. നാട്ടുനന്മയുടെ രേഖാചിത്രമാണ് കിറ്ക്കത്തി എന്ന കഥയിൽ അടയാളപ്പെടുത്തുന്നത്. ഇങ്ങനെ കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകിപ്പോകുന്ന, ജീവിതത്തിന്റെ ഒഴുക്കാണ് മുഖ്താറിന്റെ കഥകളിൽ പ്രതിഫലിക്കുന്നത്. പൊരുളറിഞ്ഞും പൊരുളറിയാത്തതുമായ മനുഷ്യജീവിതത്തിന്റെ സാധാരണവും അസാധാരണവുമായ ഭാലതലങ്ങളെ പരിചിതബിംബങ്ങളിലൂടെയും ഉൾക്കാമ്പുള്ള ഭാഷയിലൂടെയും ആവിഷ്‌ക്കരിക്കുന്ന മുഖ്താർ ഉദരംപൊയിലിന്റെ കഥകളോരോന്നും  ഒന്നിന്റെ തുടർച്ചയും ഏകവുമാണ്.
കള്ളരാമന്റെ ആമുഖ ലേഖനത്തിൽ കഥാകൃത്ത് പി. സുരേന്ദ്രൻ എഴുതി: ‘മുഖ്താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതുകയും ദേശത്തെ വരയ്ക്കുകയുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്ക് മാത്രം രചിക്കാവുന്ന കഥകളാണിവ. ദേശത്തെ അതിരുവെച്ച് അടയാളപ്പെടുത്തുക കൂടിയാണ് മുഖ്താർ’.  കഥപാത്രങ്ങളിലേക്കും സൂക്ഷ്മചിന്തകളിലേക്കും അതിഭാവുകത്വത്തിന്റെ ആഘോഷമില്ലാതെ ആസ്വാദകനെ നയിക്കാൻ കഥാകാരന് സാധിക്കുന്നു. ആവിഷ്‌കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള ആത്മബന്ധം കൊണ്ടാണ് കള്ളരാമനിലെ ഓരോ കഥയും നമ്മുടെ മനസ്സിൽ  ആഴത്തിൽ പതിയുന്നത്. മലയാളകഥയുടെ പുതിയ മുഖമാണ് കള്ളരാമൻ എന്ന പുസ്തകം അനുഭവപ്പെടുത്തുന്നത്. രചനാപരമായും ഭാഷാപരമായും വ്യക്തിത്വം പുലർത്തുന്നവയാണ് മുഖ്താറിന്റെ കഥകൾ.
– കെ.കെ.വി
 ………………………………………………………………………
കള്ളരാമൻ
മുഖ്താർ ഉദരംപൊയിൽ
ഒലിവ്, കോഴിക്കോട്. 80 രൂപ

chandrika: