X
    Categories: keralaNews

ഓട്ടോ ഡ്രൈവറില്‍ നിന്നും നഗരസഭാ അധ്യക്ഷ പദവിയിലേക്ക്‌

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന കേയംതൊടി മുജീബ് ഇനി കല്‍പ്പറ്റയുടെ നഗരപിതാവിന്റെ കസേരയില്‍. ഓട്ടോ ഡ്രൈവറെന്ന നിലയില്‍ കല്‍പ്പറ്റയിലെ വിവിധ മേഖലകളില്‍ മുജീബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലൂടെയാണ് സാമൂഹിക സേവന മേഖലയിലെത്തുന്നത്. 2010 മുതല്‍ 2015 വരെ കല്‍പ്പറ്റ നഗരസഭാ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇക്കാലയളവില്‍ വിദ്യാഭ്യാസ രംഗത്തും, ആതുരമേഖലയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. മികവുത്സവം, പഠനോത്സവം തുടങ്ങിയ പരിപാടികള്‍ അന്ന് നടത്താനായി.

ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (എസ്ടിയു) പ്രവര്‍ത്തകനായ മുജീബ് ഈ രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. പത്ത് വര്‍ഷക്കാലം മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ഭാരവാഹിയായിരുന്നു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ്, മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗിന്റെ കീഴിലുള്ള കനിവ് റിലീഫ് കമ്മിറ്റി സെക്രട്ടറി, എമിലി മഹല്ല് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷന്‍ എമിലി വാര്‍ഡില്‍ നിന്നാണ് മുജീബ് വിജയിച്ചത്. 2010ല്‍ ഗ്രാമത്തുവയില്‍ നിന്നാണ് മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റഫ്ഖാനിസയാണ് ഭാര്യ. തസ് ലിംതാജ്, റാഹിലതാജ്, മുഹമ്മദ് റസല്‍ മക്കളാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: