X

കമല്‍സി പുസ്തകം കത്തിച്ചു: സി.പി.എമ്മും ആര്‍.എസ്.എസും ഒരു പോലെ പ്രവര്‍ത്തിക്കുന്നുവെന്ന്

തനിക്കെതിരായ പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടിയില്‍ 'ശ്മശാനങ്ങളുടെ നോട്ട് പുസ്തകം' എന്ന തന്റെ പുസ്തകം കത്തിക്കുന്നു.

കോഴിക്കോട്: രാജ്യദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പൊതുജനമധ്യത്തില്‍ അഗ്നിക്കിരയാക്കി എഴുത്തുകാരന്റെ പ്രതിഷേധം. തനിക്കെതിരായ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയാണ് ‘ശ്മശാനങ്ങളുടെ നോട്ട് പുസ്തകം’ എന്ന കൃതി കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടിയില്‍ കത്തിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പുസ്തകം കത്തിച്ച കമല്‍സി ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.

തനിക്കെതിരായ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും തന്നെയും കുടുംബത്തേയും പൊലീസ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എഴുത്തുകാരന്‍ കമല്‍സിക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഡി.ജി.പി നേരത്തെയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെങ്കിലും തനിക്കും നദീറിനുമെതിരെ പൊലീസ് അതിക്രമം തുടര്‍ന്നുവരികയാണെന്ന് കമല്‍സി പറഞ്ഞു.

തന്നെമാത്രം പ്രതിചേര്‍ക്കാത്തവിധത്തില്‍ ഇറക്കിയ ഒരു സര്‍ക്കുലറാണിത്. യുഎപിഎ അടക്കമുള്ള എല്ലാകേസുകളും പുന:പരിശോധിക്കാമെന്നാണ് പറഞ്ഞത്. ഇതില്‍ വിശ്വാസ്യതയില്ല. നദീറിന്റേയും തന്റേയും പേരില്‍ നേരത്തെ കേസില്ലെന്ന് പറഞ്ഞിട്ടും കോടതിയില്‍ പൊലീസ് പറയുന്നത് കുറ്റവാളികളെന്നാണ്. സംവിധായകന്‍ കമലിനും എം.ടി വാസുദേവന്‍ നായര്‍ക്കും ലഭിച്ച പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്‌കാരികരംഗത്ത് നിന്നൊരാളും തന്റെ കാര്യത്തില്‍ പ്രതികരിക്കപോലും ചെയ്തില്ലെന്ന് കമല്‍സി കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മും ആര്‍.എസ്.എസും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. വീട്ടിലെ അമ്മക്കും ഹൃദ്രോഗിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തന്റെപേരിലുള്ള രാജ്യദ്രോഹ കുറ്റം ഇതുവരെയും പിന്‍വലിക്കപെട്ടിട്ടില്ല. വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും വീട്ടുകാരെ ഭയപെടുത്തുകയും ചെയ്യുന്നു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് പുസ്തകം കത്തിക്കുന്നത്.

പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍ സി.ചവറ കൂട്ടിചേര്‍ത്തു. ഡോ. ഹരി, വിളയോടി ശിവന്‍കുട്ടി, ജി.എം അരുണ്‍ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമല്‍ സി ചവറക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരത്തില്‍ മാര്‍ച്ച് നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

 

chandrika: