X
    Categories: CultureViews

സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍

ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്.

മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള ‘രാജ്കമല്‍ ഫിലിംസ്’ ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്‍ക്കാറിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ തലവന്‍ എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്‍ എന്നതല്ല, കലാകാരന്‍ എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്‍ ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്‍ നിരസിക്കുകയാണുണ്ടായത്. – കമല്‍ പറഞ്ഞു. താന്‍ വിമര്‍ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്‍ അറിവ് നേടുന്നതോടെ തന്റെ വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ‘എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. ‘പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാം…’ തനിക്കു മേലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: