X
    Categories: Views

മോദിയെ വിമര്‍ശിച്ചു;മാധവിക്കുട്ടിയെക്കുറിച്ചുള്ള കമലിന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്‍മാറി

സംവിധായകന്‍ കമലിന്റെ ചിത്രത്തില്‍ നിന്നും നടി വിദ്യാബാലന്‍ പിന്‍മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കമലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. എഴുത്തുകാരി കമലാസുരയ്യയുടെ കഥ പറയുന്ന ചിത്രത്തിന് ‘ആമി’ എന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട പേര്.

ദേശീയ ഗാനവിവാദത്തില്‍ കമല്‍ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി കമല്‍ അഭിപ്രായം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സംഭവം യുവമോര്‍ച്ച ഏറ്റെടുക്കുകയും കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. നോട്ടുനിരോധനം കൊണ്ട് മോദി ലക്ഷ്യമിടുന്നത് സാമ്പത്തിക പരിഷ്‌കാരമോ കള്ളപ്പണം ഇല്ലാതാക്കലോ കള്ളനോട്ട് പിടിക്കലോ അല്ല, ഒരു ജനതയെ തന്റെ വരുതിയിലാക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. പ്രധാനമന്ത്രി നമ്മുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആള്‍ മാത്രമാണെന്നുമായിരുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു. ഇത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതോടെയാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്.

കമലിന്റെ അഭിപ്രായത്തോട് വിയോജിപ്പാണ് നടിക്കുള്ളത്. കൂടാതെ താരത്തിന്റെ കരിയറിനെ ബാധിക്കുമോ എന്ന പേടിയുമുണ്ട്. ഇതെല്ലാം കൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ നടി തീരുമാനിച്ചിരിക്കുന്നത്. വിവരം വിദ്യാബാലന്‍ കമലിനെ വിളിച്ച് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോദിയെ അനുകൂലിച്ച് സംസാരിച്ചയാളാണ് വിദ്യാബാലന്‍. കമലിന്റെ ചിത്രത്തിലൂടെയാണ് വിദ്യാബാലന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. കമലിന്റെ ചക്രം എന്ന ചിത്രത്തില്‍ വിദ്യയായിരുന്നു നായിക. എന്നാല്‍ ചിത്രീകരണം തുടങ്ങിയ സിനിമ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ബോളിവുഡില്‍ തിളങ്ങിയ താരം പാലക്കാട് സ്വദേശിനിയാണ്.

chandrika: