X
    Categories: Newsworld

‘ചിത്തി’കളെ ഓര്‍ത്തെടുത്ത് കമലാ ഹാരിസ്; ഗൂഗിളില്‍ തിരഞ്ഞ് അമേരിക്ക

വാഷിങ്ടന്‍: ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ചെന്നൈക്കാരി അമ്മയ്ക്ക് സമര്‍പ്പിച്ച് ഡെമോക്രാറ്റ് പാര്‍ട്ടി വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ചതിനുള്ള മറുപടി പ്രസംഗത്തിലാണു കമല അമ്മയെ അനുസ്മരിച്ചത്.

സഹജീവി സ്‌നേഹവും കരുണയും മൂല്യബോധവും പരോപകാര ശീലവും തന്നില്‍ വളര്‍ത്തിയെടുത്തത് അമ്മ ശ്യാമള ഗോപാലന്‍ ആണെന്ന് കമല പറഞ്ഞു. ‘സമൂഹത്തെ സേവിക്കുമ്പോഴാണു ജീവിതം സാര്‍ഥകമാകുന്നതെന്ന് അമ്മയാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോഴീ രാത്രിയില്‍ അമ്മ അരികിലുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.’ കമല കൂട്ടിച്ചേര്‍ത്തു.2009ലാണു ശ്യാമള മരിച്ചത്.

പാര്‍ട്ടി നാമനിര്‍ദേശം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ തന്റെ തമിഴ് പൈതൃകം ചേര്‍ത്തുപിടിക്കാന്‍ കമല ഹാരിസ് മറന്നില്ല. കുടുംബമെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവും മക്കളും അമ്മാവന്മാരും ചിത്തിമാരും (അമ്മയുടെ സഹോദരിമാര്‍) ആണെന്നാണു കമല പറഞ്ഞത്. ‘ചിത്തി’ എന്ന തമിഴ് വാക്ക് ഉപയോഗിച്ചതു ലോകമെങ്ങും തമിഴ് സമൂഹം ആഘോഷിച്ചു. അമേരിക്കയില്‍ ഇന്നലെ കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കും ചിത്തി തന്നെ.

web desk 3: