X

‘ഹെഡ്മാസ്റ്ററും കുട്ടികളും ചേര്‍ന്നതല്ല മന്ത്രിസഭ’; ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി പോയി. ഗവര്‍ണറുടെ നടപടി തെറ്റാണ്. മന്ത്രിസഭ ഹെഡ്മാസ്റ്ററും കുട്ടികളും ചേര്‍ന്നതല്ല. മന്ത്രിസഭക്ക് മേല്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോയത് നല്ലതാണ്. എന്നാല്‍ ഭരണഘടനാപരമായി ശരിയായ നടപടിയല്ല ഗവര്‍ണറുടേതെന്നും കാനും കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയത്. നിലവിലെ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇരുപാര്‍ട്ടികളുടേയും നേതാക്കന്‍മാരുടെ സമാധാനയോഗം നടന്നത്.

ഗവര്‍മറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ന് കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ
ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി പ്രതികരിച്ചു. പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഭരണാഘടന ലംഘിച്ച് നീക്കം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥിതിക്ക് ഉചിതമല്ല. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

chandrika: