X
    Categories: Video Stories

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ‘അണ്‍ഹാപ്പി’യാവാനുള്ള കാരണമുള്ളതിനാല്‍: കാനം രാജേന്ദ്രന്‍

അശ്‌റഫ് തൂണേരി

ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി എമ്മിന് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം ദോഹ ഹൊറൈസണ്‍ മാന്വര്‍ ഹോട്ടലില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഇടതുമുന്നണി യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് താന്‍ ഹാപ്പിയാണ് എന്ന് പറഞ്ഞിട്ടും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയല്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം സംഭവിച്ച കാര്യങ്ങളും കാര്യങ്ങളും പരിശോധിക്കണം. ഇടതു യോഗത്തില്‍ ഞങ്ങളെടുത്ത ധാരണയുണ്ട്. എല്‍ ഡി എഫ് കണ്‍വീനറെ അത് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ഹാപ്പിയാണോ’ ഹാപ്പിയാണെന്ന് സ്വാഭാവികമായും ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ദു:ഖമുണ്ടെന്നാണോ പറയേണ്ടത്.

സി.പി.ഐയുടെ കേരളത്തിലെടുക്കുന്ന തീരുമാനങ്ങളുടെ തീരുമാനം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണ്. ഞങ്ങള്‍ തീരുമാനമെടുത്തതിന് ടൈം ഒരു ഫാക്ടറാണ്. തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഒരു വിധിന്യായം പുറത്തുവരുന്നത്. സര്‍ക്കാറിനെതിരെ കേസ് കൊടുത്ത മന്ത്രിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നും കേസ് കൊടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തുകയാണ്. കോടതി പ്രസ്താവം പുറത്തുവന്നപ്പോള്‍ അതേമന്ത്രി പറഞ്ഞത് താന്‍ സുപ്രീംകോടതിയില്‍ പോവുമെന്നാണ്. ഇതെല്ലാം താന്‍ ഹാപ്പിയാണെന്ന് പറഞ്ഞതിന് ശേഷം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞുണ്ടായ സംഭവങ്ങളാണ്.

ഹൈക്കോടതി വിധി വന്ന ശേഷവും അദ്ദേഹത്തെ പട്ടും വളയും നല്‍കി മന്ത്രിസഭാ യോഗത്തില്‍ സ്വീകരിച്ചതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഞങ്ങള്‍ക്ക് രണ്ടു വഴി സ്വീകരിക്കാമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ഇറങ്ങിപ്പോരുക. അല്ലെങ്കില്‍ പങ്കെടുക്കാതിരിക്കുക. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് കുറച്ചുകൂടി നിശ്ശബ്ദമായ പ്രതിഷേധമെന്ന് സി പി ഐ തീരുമാനിക്കുകയായിരുന്നു. അത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായി നടപടി സ്വീകരിച്ച മന്ത്രിയെ അവിടെ ഇരുത്തണമോ എന്നും അദ്ദേഹം കോടതിയില്‍ പോയത് ഭരണഘടനാ വിരുദ്ധമാണോ അപക്വമാണോ എന്നും അവരാണ് മറുപടി പറയേണ്ടത്.

മൂന്നാര്‍ വിഷയത്തില്‍ നിയമം അനുസരിച്ച് മുന്നോട്ടുപോവണമെന്നാണ് സി പി ഐയുടെ നിലപാട്. ഇപ്പോഴുള്ള സബ്കളക്ടര്‍ക്കെതിരെയും ചിലര്‍ പരാതി ഉന്നയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘സബ്കളക്ടര്‍ പദവി അബോളിഷ് ചെയ്യാനാവുമോ’ എന്ന് കാനം തിരിച്ചുചോദിച്ചു. മുമ്പിരുന്ന കലക്ടറും ശരിയല്ലെന്നായിരുന്നു അവര്‍ (സി പി എം) പറഞ്ഞുകൊണ്ടിരുന്നത്. സര്‍ക്കാറുദ്യോഗസ്ഥരെല്ലാം സ്വന്തം പാര്‍ട്ടിക്കാരാവാണമെന്ന ധാരണ ശരിയല്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നോ ഇല്ലയോ എന്നതാണ് വിഷയം. ഉദ്യോഗസ്ഥന് സംഘടനയോ രാഷ്ട്രീയമോ ഇല്ല. മുമ്പുള്ള കളക്ടറെ മാറ്റിയപ്പോള്‍ ലോകം അവസാനിച്ചിരിക്കുന്നുവെന്നും എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിയെന്നുമല്ലേ നിങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞത്?. ഇപ്പോള്‍ എന്താണ് ഇദ്ദേഹത്തെക്കുറിച്ചും പരാതിയുയരുന്നത്. അദ്ദേഹം നിയമം നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ പോളിസി നടപ്പിലാക്കുന്നു. അതുകൊണ്ടായിരിക്കാം.

ഉദ്യോഗസ്ഥന്‍ എന്ന വ്യക്തിയല്ല പ്രധാനം. നിലപാടുകളാണെന്നും കാനം എടുത്തുപറഞ്ഞു.

ഞങ്ങള്‍ മൂന്നാറില്‍ സി പി എം ഉള്‍പ്പെടെ നടത്തുന്ന സമരത്തിനില്ല. ഞാന്‍ ജനജാഗ്രതയാ യാത്രയുമായി ഇടുക്കിയില്‍ ചെല്ലുന്നതിന് ഒരു ദിവസം അവിടെ ഒരു ഹര്‍ത്താലുണ്ടായിരുന്നു. പത്തു ചെയിന്‍ മേഖലയില്‍ ഏഴു ചെയിന്‍ ഭൂമി പതിച്ചുകൊടുക്കാം എന്ന നിലപാടുമായി ബന്ധപ്പെട്ട് 3 ചെയിന്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ആ ഭൂപ്രദേശത്താണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. അന്നത്തെ ഹര്‍ത്താലില്‍ നിന്ന് സി പി എം ഒഴിഞ്ഞു നിന്നു. ആര്‍ക്കും സമരം നടത്താനുള്ളതും വിട്ടുനില്‍ക്കാനുമുള്ള അവകാശമുണ്ട്. സമരം പ്രതിഷേധമായി തുടരുമെങ്കിലും പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. കൈയ്യേറ്റക്കാര്‍ക്കെതിരെയുള്ള നടപടിയുമായി മുന്നോട്ടുപോവും. നിയമസഭയില്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ആവര്‍ത്തിച്ചു ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം വിശദീകരിച്ചു.

സി പി എം കൈയ്യേറ്റക്കാരുടെ കൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയെന്നത് ഇടതുനയമല്ലമല്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സി പി ഐ നിലപാടെന്നും ഗെയില്‍ സമരം അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെക്കുറിച്ച് അദ്ദേഹം മറുപടി പറഞ്ഞു. ജനകീയ സമരങ്ങള്‍ ആരു നടത്തുന്നതിനും ഒരിക്കലും എതിരുനില്‍ക്കില്ലെന്നും കാനം നിലപാടു വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: