X

3000 കോണ്ടം കണ്ടെത്തിയവര്‍ക്ക് ഒരാളെ കണ്ടെത്താനാവുന്നില്ല: കനയ്യ

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ കഴിയാത്ത ഡല്‍ഹി പൊലീസിന്റെ കഴിവുകേടിനെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെ.എന്‍.യുവില്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പരിഹസിച്ചു. ‘ബിഹാറില്‍ നിന്ന് തിഹാറിലേക്ക്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവായ കനയ്യ കുമാര്‍. രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ദേവ് അഹുജ നടത്തിയ വിവാദ പ്രസ്താവന ഓര്‍മിപ്പിച്ചായിരുന്നു കനയ്യയുടെ വാക്കുകള്‍.
ജെ.എന്‍.യുവില്‍ നിന്ന് ഒരു ദിവസം 3000 ബിയര്‍ കുപ്പികളും 2000 മദ്യക്കുപ്പികളും 10,000 സിഗററ്റുകുറ്റികളും 4000 ബീഡികളും 50,000 എല്ലിന്‍ കഷണങ്ങളും 2000 ചിപ്‌സ് കവറുകളും 3000 ഉപയോഗിച്ച കോണ്ടങ്ങളും 500 ഗര്‍ഭ നിരോധന ഇഞ്ചക്ഷനുകളും കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു അഹുജയുടെ പരാമര്‍ശം. കനയ്യ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ക്യാമ്പസില്‍ കൊടുമ്പിരി കൊണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെയായിരുന്നു അഹുജയുടെ പ്രസ്താവന.
ഒക്‌ടോബര്‍ 14 മുതലാണ് ജെ.എന്‍.യുവിലെ എം.എസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹ്മദിനെ കാണാതായത്. കാണാതാവുന്നതിന് മുമ്പ് നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. തിരോധാനത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ നജീബിന്റെ മാതാവ് നടത്തിയ സമരം ഡല്‍ഹി പൊലീസ് തടഞ്ഞിരുന്നു. ഇവരെയും നജീബിന്റെ സഹോദരിയെയും തടങ്കലിലാക്കുകയും ചെയ്തിരുന്നു.

chandrika: