X
    Categories: indiaNews

ആമീര്‍ഖാന്‍ മക്കളെ ഇസ്‌ലാമാക്കി വളര്‍ത്തുവെന്ന അഭിമുഖം പങ്കുവെച്ച് കങ്കണ; സത്യാവസ്ഥ ഇങ്ങനെ…

മുംബൈ: ബോളിവുഡ് താരം ആമീര്‍ഖാന്‍ മക്കളെ ഇസ്‌ലാമാക്കി വളര്‍ത്തുവെന്ന അഭിമുഖം പങ്കുവെച്ച് കങ്കണ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ആമീര്‍ഖാനെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്. ആമിര്‍ഖാന്‍ മുമ്പ് നല്‍കിയത് എന്ന തരത്തില്‍ കങ്കണയുടെ പി.ആര്‍ ടീം ട്വിറ്ററില്‍ ഒരു അഭിമുഖം പങ്കുവെച്ചിരുന്നു. ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് എന്ന് അഭിമുഖത്തില്‍ ആമീര്‍ പറഞ്ഞതായിട്ടായിരുന്നു കങ്കണയുടെ ടീം പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞത്.

ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഈ അഭിമുഖം തന്നെ വ്യാജമെന്നാണ് ഫാക്ട് ചെക്ക് ടീം ആയ ബൂം പറയുന്നത്. ഇത്തരത്തില്‍ ഒരു അഭിമുഖം ആമീര്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ആമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ് ടീം തന്നെ പറഞ്ഞതായി ബൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഓഗസ്റ്റ് 15 ന് തുര്‍ക്കിയിലെ പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി ഇസ്താംബൂളിലുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ അഭിമുഖം പ്രചരിക്കുകയും കങ്കണ പങ്കുവെയ്ക്കുകയും ചെയ്തത്.തന്റെ ആദ്യ ഭാര്യ റീന ദത്തയെക്കുറിച്ചും റാവുവിനെക്കുറിച്ചും ചോദ്യങ്ങള്‍ക്ക് ഖാന്‍ ഉത്തരം നല്‍കിയതായി 2012 ല്‍ പുറത്തുവന്നതായി പറയുന്ന ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.എന്റെ ഭാര്യമാര്‍ ഹിന്ദുക്കളായിരിക്കാം, പക്ഷേ എന്റെ കുട്ടികള്‍ എല്ലായ്‌പ്പോഴും ഇസ്ലാമിനെ മാത്രമേ പിന്തുടരുകയുള്ളൂ: ആമിര്‍ ഖാന്‍’ എന്ന തലക്കെട്ടില്‍ 2012 ല്‍ തന്‍കീദ് എന്ന സൈറ്റില്‍ ഷഹീന്‍ രാജ് എന്ന ലേഖകനുമായി ആമീര്‍ ഖാന്‍ സംസാരിച്ചുവെന്ന തരത്തിലാണ് അഭിമുഖം പബ്ലിഷ് ചെയ്തിരിക്കുന്നത്.എന്നാല്‍ ആമീറിനെതിരെ വിമര്‍ശനവുമായി കങ്കണയുടെ ടീം എത്തുകയായിരുന്നു.

കങ്കണ റണൗത്തിന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. നടിയുടെ അഭിപ്രായ പ്രകടനങ്ങളെല്ലാം പി.ആര്‍ ടീം കൈകാര്യംചെയ്യുന്ന ട്വിറ്റിലൂടെയാണ് പുറത്തുവരുന്നത്. നിരന്തരം പ്രകോപനപരമായ ട്വീറ്റുകള്‍ ചെയ്യുന്നത് മൂലം ടീം കങ്കണ റണൗത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ട് വിലക്കുമെന്ന സൂചനകളും ഉണ്ട്. നേരത്തെ മതവിദ്വേഷപരമായ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കങ്കണയുടെ സഹോദരി രംഗോലി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

chandrika: