X
    Categories: keralaNews

കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം; കെ.സുധാകരന്റെ പ്രസ് സെക്രട്ടറി അടക്കം നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ്ങിനിടെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍ എം പി കെ സുധാകരന്റെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ തട്ടേരി വാര്‍ഡില്‍ വെച്ചാണ് മനോജിന് മര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് മനോജ് പാറക്കാടി.

കണ്ണൂര്‍ പയ്യന്നൂര്‍ എരമം കുറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തു. എരമം കുറ്റൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബ്ലോക്ക് സ്ഥാനാര്‍ത്ഥി ശ്രീധരന്‍ ആലന്തട്ടയ്ക്കാണ് പരുക്കേറ്റത്. ശ്രീധരനെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.

പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. ഏഴ് വാര്‍ഡിലെ ബൂത്ത് ഏജന്റ് നിസാറാണ് ആക്രമിക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖ് കെപിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറ് നടന്നിരുന്നു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി മൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കച്ചേരി രമേശനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. മുഴപ്പിലങ്ങാട് എട്ടാം വാര്‍ഡില്‍ യുഡിഎഫ് ചീഫ് ഏജന്റിനും മര്‍ദനമേറ്റു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: