X

കരിപ്പൂര്‍: സാങ്കേതികത്വം പരിഹരിച്ച് ഭൂമി ഏറ്റെടുക്കണം: എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി

Untitled-1

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനും, ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സംസാരിക്കുന്നതിനും പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി മറ്റ് വിമാന കമ്പനികളുമായി ചര്‍ച്ച നടത്താനും വിമാനത്താവള ഡയറക്ടറെ യോഗം ചുമതലപ്പെടുത്തിയതായി ഉപദേശക സമിതി അധ്യക്ഷന്‍ ഡോ.എം.പി. അബ്ദു സമദ് സമദാനി എം.പി അറിയിച്ചു.

എയര്‍ സുവിധ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും, ഹീല്‍ പദ്ധതിയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ഥലമേറ്റുടുക്കുന്നതിലെ സാങ്കേതികത്വം പരിഹരിച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ എന്നും ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ട പരിഹാരം തന്നെ നല്‍കിയാവണം ഈ നടപടി പൂര്‍ത്തി ആക്കേണ്ടതെന്നും യോഗം അറിയിച്ചു.

പരിസരവാസികള്‍ക്ക് പ്രയാസമാവുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ യോഗം ആവശ്യപ്പെട്ടു. യാത്രാ സൗകര്യം വര്‍ധിപ്പി ക്കുക, കരിപ്പൂരിലേക്കുളള റോഡ് അറ്റ കുറ്റപണി നടത്തുക, പൊലീസ്, ഫയര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം. പി. അബ്ദുസമദ് സമദാനി അധ്യക്ഷനായി.

കോ ചെയര്‍ മാന്‍ എം.കെ. രാഘവന്‍ എം.പി, വൈസ് ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ് എം. എല്‍.എ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ടി.വി. ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദലി, എ.ഡി.എം എന്‍.എം. മെഹറലി, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, ഓപറേഷന്‍സ് ജോ. ജനറല്‍ മാനേജര്‍ എസ്. സുന്ദര്‍, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി. കിഷോര്‍ കുമാര്‍, കൊണ്ടോട്ടി ഡിവൈ. എസ്.പി അഷ്‌റഫ്, ഉപദേശക സമിതി അംഗങ്ങളായ പി.വി. ഗംഗാധരന്‍, പി.ടി. അജയ് മോഹന്‍, സി.പി. സൈതലവി, ഡോ. പുത്തൂര്‍ റഹ്മാന്‍, എ.കെ. എ. നസീര്‍, പ്രദീപ് കണ്ടോത്ത്, ടി.പി.എം. ഹാഷിര്‍ അലി, കെ.വി. അന്‍വര്‍, അവാം സുറൂര്‍, ടി. മുഹമ്മദ് ഹാരിസ്, ഡോ. കെ. മൊയ്തു, എയര്‍ലൈന്‍ ഓപറേറ്റേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഫാറൂഖ് ബത്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Chandrika Web: