X

കര്‍ണ്ണാടക ശാന്തം: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങി

ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങി. ഏറെ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നീണ്ടുനിന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് റിസോര്‍ട്ടില്‍ നിന്നും എം.എല്‍.എമാര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടിയോഗത്തിനു ശേഷമാണ് എം.എല്‍.എമാര്‍ സ്വന്തം നിയോജക മണ്ഡലങ്ങളിലേക്ക് മടങ്ങിയത്.

ബി.ജെ.പിയുടെ കുതിരക്കച്ചവട സാധ്യതകളെ തുടര്‍ന്നായിരുന്നു എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ തങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എം.എല്‍.എമാര്‍ പ്രഖ്യാപിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നേരത്തെ, റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എ മര്‍ദ്ദനത്തിന് ഇരയായിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

നേരത്തെ, കര്‍ണ്ണാടകയിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി പാളയിലാണെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തുവരികയായിരുന്നു. നിലവില്‍ കര്‍ണാടകത്തില്‍ യാതൊരുവിധ പ്രശ്നവുമില്ല. 48 മണിക്കൂറു കൊണ്ട് തനിക്ക് വേണമെങ്കില്‍ ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ സാധിക്കും. സര്‍ക്കാറിനെ ശല്യപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഭൂരിപക്ഷം തന്റെ സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ ഓപ്പറേഷന്‍ ലോട്ടസിലൂടെ കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. പിന്നാലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ബിജെപിയുടെ പദ്ധതി തകര്‍ക്കുകയായിരുന്നു.

chandrika: