X

കര്‍ണ്ണാടക: നൗഹറ ഷൈഖിന്റെ പാര്‍ട്ടി ബി.ജെ.പിയുടെ ബി-ടീമെന്ന് പരിഹാസം

Nowehra Shaik at MEP launch on Sunday November 12, 2017 in New Delhi.

ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പാര്‍ട്ടിയായ എം.ഇ.പി(ആള്‍ ഇന്ത്യ മഹിള എംപവര്‍മെന്റ്)ക്ക് ജനങ്ങള്‍ക്കിടയില്‍ തിരിച്ചടി. ബി.ജെ.പിയുടെ പിന്തുണയില്‍ വോട്ട് നേടാന്‍ സ്ത്രീകളെ മുന്‍നിര്‍ത്തി രൂപീകരിച്ച എം.ഇ.പിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നവംബറിലാണ് ബിസിനസ്സുകാരിയ നൗഹറ ഷൈയ്ഖ് എം.ഇ.പി രൂപീകരിക്കുന്നത്.

ഡല്‍ഹിയില്‍ നവംബര്‍ 12ന് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സ്ത്രീകളുടെ മുന്നേറ്റത്തിനെന്ന പേരില്‍ ആള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഗ്ലിറ്റ്‌സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് താരങ്ങളായ സുനില്‍ ഷെട്ടി, ബോബി ടിയോള്‍, അഫ്താബ് ശിവ്ദാസാനി, കൊറിയോഗ്രാഫര്‍ ഫറാഹ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി രൂപീകരിച്ച് ആറുമാസം പിന്നിടുമ്പോഴാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തേക്കെത്തുന്നത്. കര്‍ണ്ണാടകയില്‍ 224 മണ്ഡലങ്ങളിലും എം.ഇ.പി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Tennis Star Sania Mirza, Farha Khan and others at the All India Mahila Empowerment Party (MEP) in New Delhi on Sunday November 12, 2017.

മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് മത്സരരംഗത്തുള്ള പാര്‍ട്ടി സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും വമ്പിച്ച രീതിയിലുള്ള പരസ്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ പണം ചെലവാക്കിയാണ് പത്രമാധ്യമങ്ങളിലുള്‍പ്പെടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരസ്യം നല്‍കിയിരിക്കുന്നത്. ബസ്സിനുമുകളിലും വഴിയരികിലും വലിയ ബോര്‍ഡുകളിലുള്ള പരസ്യങ്ങളാണ് എം.ഇ.പിയുടേതായിട്ടുള്ളത്. എന്നാല്‍ പരസ്യങ്ങളില്‍ കാണുന്ന രീതിയിലുള്ള ഒരു സ്വാധീനം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. പാര്‍ട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും പരിഹാസഭാവമന്യേ സംസാരിക്കുകയാണ് ചെയ്തതെന്നാണ് വിവരം. മറ്റു ചിലര്‍’ എം.ഇ.പിയോ, അത് ബി.ജെ.പിയുടെ ബിടീമല്ലേ?’ എന്ന രീതിയിലാണ് പ്രതികരിച്ചത്. നൗഹറ ഷൈഖിന്റെ ബിസിനസ് താല്‍പ്പര്യങ്ങളാണ് പാര്‍ട്ടിക്ക് പിറകിലുള്ളതെന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ 80ശതമാനം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് എം.ഇ.പി അറിയിച്ചിരുന്നത്. എന്നാല്‍ 20ശതമാനത്തിന് താഴെയാണ് സ്ത്രീകളുടെ പ്രാധാന്യം. കഴിവുള്ള സ്ത്രീകള്‍ മത്സരരംഗത്തേക്കെത്താത്തതാണ് ഇതിന് കാരണമെന്നാണ് പാര്‍ട്ടി വക്താവ് സിറാജ് ജാഫേരി പറയുന്നത്. ബി.ജെ.പിയുമായി അടുപ്പമുണ്ടെന്ന വാദം ജാഫേരി തള്ളുകയും ചെയ്തു. ബി.ജെ.പിയുമായി യാതൊരു തരത്തിലുള്ള കൂട്ടുകെട്ടുമില്ല. ഇതൊരു തെറ്റായ പ്രചാരണമാണ്. മതേതര കാഴ്ച്ചപ്പാടാണ് പാര്‍ട്ടിക്കുള്ളതെന്നും ജാഫേരി പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി നേതാക്കളുമായി പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ബി.ജെ.പിയുടെ ബിടീമാണെന്നുള്ള വാദം ശക്തമാക്കുന്നു. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 15ന് ഫലം പുറത്തുവരും.

chandrika: