X

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മെയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി 124 സീറ്റുകളിലേക്ക് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇതിനകം തന്നെ പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയിരുന്നു. മുഖ്യ എതിരാളിയായ ബി.ജെ.പിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പോലും ഇതുവരെ ഒരുങ്ങിയിട്ടില്ലെന്നിരിക്കെയാണ്, കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തുവിടാനൊരൊങ്ങുന്നത്.

സ്ഥാനാര്‍ഥി പട്ടിക നേരത്തെ പുറത്തു വിടുന്നതു വഴി തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എതിര്‍പ്പുകള്‍ ഉയരുന്നത് ഒഴിവാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മാത്രമല്ല, സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വോട്ടു ചോദിക്കാനും പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാനും സഹായിക്കും.224 അംഗ സഭയില്‍ ഇനി നൂറിടങ്ങളിലാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ 70- 80 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിക്കുക എന്നാണ് വിവരം. ശേഷിച്ച സ്ഥാനാര്‍ഥികളെ ഇതിനു പിന്നാലെ തന്നെ പ്രഖ്യാപിക്കും. പ്രമുഖരെല്ലാം മത്സര രംഗത്തിറങ്ങുന്നുവെന്നതും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ദാരാമയ്യ വരുണ മണ്ഡലത്തിലും പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുര മണ്ഡലത്തിലും മുന്‍ മുഖ്യമന്ത്രി ജി പരമേശ്വര സംവരണ മണ്ഡലമായ കോത്തഗിരിയിലുമാണ് ജനവിധി തേടുന്നത്. മുന്‍ മന്ത്രി കെ.എച്ച് മുനിയപ്പ ദേവനഹള്ളിയിലും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മകള്‍ പ്രിയങ്ക് ഖാര്‍ഗെ എസ്.സി സംവരണ മണ്ഡലമായ ചിതാപൂരിലും മത്സര രംഗത്തുണ്ട്.

webdesk11: