X

കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബി.ജെ.പി; വിമതന്മാരെ കണ്ടെത്താന്‍ ആഹ്വാനം

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ഭരണം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബിജെപി നേതാവുംല മുഖ്യമന്ത്രി ്സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ.
കോണ്‍ഗ്രസിലേയും ജെഡിഎസിലെയും വിമത എം.എല്‍.എമാരെ കണ്ടെത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്താണ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ചാക്കിട്ടുപിടുത്തത്തിന്റെ പുതിയ സാധ്യതകളെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. വിമത എം.എല്‍.എമാരുടെ വീട്ടില്‍ പോയി അവരെ ബി.ജെ.പിയിലേക്കെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യെദ്യൂരപ്പ നിര്‍ദേശം നല്‍കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നെ ബി.ജെ.പിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും യെദ്യൂരപ്പ പ്രകടിപ്പിച്ചു. രാഷ്ട്രപുരോഗതിക്ക് കര്‍ണാടകയില്‍ ബിജെപി ഭരണം അത്യാവശ്യമാണെന്ന സന്ദേശമാണ് യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ചാക്കിട്ടുപിടുത്തത്തിന് പച്ചകൊടി വീശുന്ന യെദ്യൂരപ്പയുടെ പുതിയ പ്രസ്താവന വന്നതോടെ തെരഞ്ഞെടുപ്പ് സമയത്ത് കുതിരക്കച്ചവടത്തിന് സാക്ഷിയായ ഓപ്പറേഷന്‍ താമര പദ്ധതി ബി.ജെ.പി ഉപേക്ഷിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് അതൃപ്തിയുണ്ടെന്ന വ്യാജ പ്രചരണവും സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാല്‍ വ്യാജ പ്രചരണത്തെ തള്ളി സിദ്ധരാമയ്യ രംഗത്തെത്തി. ബി.ജെ.പി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ബെല്‍ത്തങ്ങാടിയില്‍ പ്രകൃതി ചികിത്സക്കിടെ തന്നെ കാണാന്‍ വന്നവരോട് സിദ്ധരാമയ്യ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിദ്ധരാമയ്യ കുമാരസ്വാമിക്കെതിരാണ് എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ ആ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്ന് അത് പ്രചരിപ്പിക്കുന്നവര്‍ക്കറിയില്ല. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ആരാണ് പറഞ്ഞത്? സന്ദര്‍ഭം മനസ്സിലാക്കാതെ സൗഹൃദ സംഭാഷണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ആരായലും ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

chandrika: