X

നിയമസഭാ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ കുറിച്ച് മോദി പറഞ്ഞ വില കുറഞ്ഞ വാക്കുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ സിദ്ദു മോദിയോളം തരം താഴാന്‍ താനില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ് താന്‍ കാവല്‍ക്കാരനാണെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ലളിത് മോദി, നീരവ് മോദി തുടങ്ങിയ ചെറിയ മോദിമാര്‍ തട്ടിപ്പ് നടത്തി രാജ്യം വിടുമ്പോള്‍ എവിടേയായിരുന്നു കാവല്‍ക്കരനെന്നും കര്‍ണാടക മുഖ്യന്‍ ചോദിച്ചു.

എല്ലാ തട്ടിപ്പുകാരും മോദിയുടെ സംരക്ഷണത്തോടെയാണ് രാജ്യം വിടുന്നത്. താന്‍ കൈക്കൂലി പണമായി വാങ്ങുന്നയാളാണെന്ന് ആരോപിച്ച പ്രധാനമന്ത്രി അദ്ദേഹത്തൊടൊപ്പം വേദിയിലിരുത്തിയത് ചെക്കായി കൈക്കൂലി വാങ്ങി കേസില്‍ പെട്ട യെദ്യൂരപ്പയെയാണെന്ന് ഓര്‍ക്കണമെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

ബി.ജെ.പി ദേശീയ അധ്യക്ഷനോടല്ല സര്‍ക്കാറിന് ബാധ്യതയെന്നും ബജറ്റ് പ്രഖ്യാപനം വഴി ജനങ്ങളോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പകരം ഹാവേരിയില്‍ കര്‍ഷകരെ വെടിവെക്കാന്‍ ഉത്തരവിട്ടയാളാണെന്നു പറഞ്ഞ സിദ്ധരാമയ്യ ഇങ്ങനെയാണോ കര്‍ഷക സൗഹൃദരാവുകയെന്നും ചോദിച്ചു. കര്‍ഷകര്‍ വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പിക്ക് കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സില്ലെന്നായിരുന്നു യെദ്യൂരപ്പ മറുപടി പറഞ്ഞിരുന്നതെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.

chandrika: