X

തെരഞ്ഞെടുപ്പ് തിയ്യതി ചോരല്‍; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ബി.ജെ.പി ഐ.ടിസെല്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു. ഐ.ടിസെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് തിയ്യതി പുറത്തുവിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തി പുറത്ത് വിട്ട് ബി.ജെ.പി മികച്ച തെരഞ്ഞെടുപ്പ് കമ്മീഷനായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കമ്മീഷന്റെ വിശ്വാസ്യത പരീക്ഷിക്കേണ്ടതാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കൊപ്പം തിയ്യതി ചോര്‍ത്തിയ അമിത് മാളവ്യക്കെതിരേയും കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുമോ എന്നും രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഓം പ്രകാശ് റാവുത്ത് 11മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ തിയ്യതി പ്രഖ്യാപിക്കാനിരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ബി.ജെ.പി തിയ്യതി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഓം പ്രകാശ് റാവുത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു അമിത് മാളവിയുടെ ട്വീറ്റ്. ഈ സമയത്ത് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷ്ണറോട് മാധ്യമങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിഷയം ക്രിമിനല്‍ കുറ്റകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇക്കാര്യം അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷ്ണര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. മെയ് 15നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നിയമസഭാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കുമെന്ന് റാവത്ത് അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.

വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം അവരുടെ ചിത്രവും ഉണ്ടാവും. 4.96 കോടി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കേ കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിനും ബി.ജെ.പിക്കും വളരെ നിര്‍ണായകമാണ്‌

chandrika: