X
    Categories: indiaNews

ത്രിവര്‍ണത്തിന് പകരം കാവി ദേശീയ പതാകയായി മാറുമെന്ന് കര്‍ണാടക മന്ത്രി

ഭാവിയില്‍ ത്രിവര്‍ണ പതാകക്ക് പകരം ദേശീയ പതാകയായി കാവി പതാക മാറുമെന്ന് കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പ. എല്ലായിടത്തും തങ്ങള്‍ കാവി പതാക ഉയര്‍ത്തുമെന്നും ഇന്നോ അല്ലെങ്കില്‍ നാളെയോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു. ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധക്കാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍, കാവി പതാക ഉയര്‍ത്തിയ സംഭവത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.

അടുത്ത നൂറുവര്‍ഷത്തിലോ ഇരുനൂറു വര്‍ഷത്തിലോ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനോ ഇടയില്‍ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകള്‍ മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തില്‍ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ല. അത് ഇപ്പോള്‍ സാധ്യമാക്കിയില്ലെ? ഈശ്വരപ്പ പറഞ്ഞു.

എല്ലായിടത്തും കാവി പതാക ഉയര്‍ത്തു. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും. ചെങ്കോട്ടയിലും കാവി പതാക ഉയര്‍ത്തുമെന്നും ഈശ്വരപ്പ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനൊപ്പം ത്രിവര്‍ണ പതാകയാണ് ഇപ്പോള്‍ നമ്മുടെ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ മാധ്യങ്ങളോട് വിശദീകരിച്ചു. ഇതിനിടെ, ശിരോവസ്ത്ര വിവാദത്തില്‍ കുട്ടികളുടെ മനസില്‍ ബി.ജെ.പി വിദ്വേഷത്തിന്റെ വിത്ത് പാകുകയായണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംസ്ഥാനത്തെ ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധത്തിനായി സൂറത്തില്‍നിന്ന് 50 ലക്ഷം കാവി ഷാളുകളാണ് എത്തിച്ചതെന്ന് ബി.ജെ.പിയെ ഉദ്ദേശിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. ആരാണ് കാവി ഷാളുകള്‍ കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാക ഉയര്‍ത്താറില്ല. ശിവമൊഗയിലെ കോളജിന് മുന്നിലെ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തിലാണ് കാവി പതാക ഉയര്‍ത്തിയത്. ഇതാണ് എന്‍.എസ്.യു.ഐ അംഗങ്ങള്‍ നീക്കം ചെയ്ത് അവിടെ ത്രിവര്‍ പതാക ഉയര്‍ത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.

web desk 3: