X

പടിയിറക്കം വിശ്വാസം തേടാതെ; യെദ്യൂരപ്പ അധികാരത്തിലിരുന്നത് 55 മണിക്കൂര്‍ മാത്രം

ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രാജിവെച്ച മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പടിയിറക്കം എം.എല്‍.എമാരുടെ വിശ്വാസം തേടാതെ. നിയമസഭയില്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെയാണ് യെദ്യൂരപ്പ പടിയിറങ്ങിയത്.

കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണര്‍ വാജുഭായി വാല സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പ ക്ഷണിച്ചത് രാജ്യത്തെ ജനാധിപത്യ രീതിയുടെ കീഴ്‌വഴക്കങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നയനീക്കത്തിലൂടെ യെദ്യൂരപ്പക്ക് വെറും 55 മണിക്കൂര്‍ അധികാരത്തിലിരുന്ന് പുറത്തു പോവേണ്ടി വന്നു.

വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇടപ്പെട്ട് ഇന്നു നാലു മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ബി.ജെ.പി കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി ഭൂരിപക്ഷം സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക്, എം.എല്‍.എമാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നതോടെ തിരിച്ചടിയാവുകയായിരുന്നു. നൂറു കോടി രൂപയും മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ കരുതലോടെയുള്ള നീക്കം അവയെല്ലാം പരാജയപ്പെടുത്തി.

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് ശബ്ദരേഖകളുടെ പിന്‍ബലത്തില്‍ പുറത്തുവിട്ടതോടെ യെദ്യൂരപ്പയും സംഘവും കൂടുതല്‍ പ്രതിരോധത്തിലായി. ഇതോടെ യെദ്യൂരപ്പയുടെ രാജിയെന്ന തീരുമാനത്തിലേക്ക് ബി.ജെ.പി ദേശീയ നേതൃത്വം എത്തുകയായിരുന്നു.

chandrika: