X
    Categories: CultureMore

അഹമ്മദ് നമ്മ ആള്

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരിക്കെ ഒരിക്കല്‍ കോയമ്പത്തൂരില്‍ പത്രസമ്മേളനം നടത്തുന്നതിനിടയില്‍ ശ്രീലങ്ക പ്രശ്‌നവും കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ആവശ്യകതയും പത്രലേഖകര്‍ ഉന്നയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാമെന്നായി കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ്. സണ്‍ ടി.വിയില്‍ ഈ വാര്‍ത്ത കേള്‍ക്കാനിടയായ മുഖ്യമന്ത്രി കരുണാനിധി അപ്പോള്‍ തന്നെ കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് ഉപ്പിലിപാളയത്തെ കോര്‍പ്പറേഷന്‍ കെട്ടിടം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. ഒപ്പം കേന്ദ്രമന്ത്രി അഹമ്മദ് തൃശ്‌നാപള്ളി, മധുര എന്നിവിടങ്ങളിലും പാസ്‌പോര്‍ട്ട് ഓഫീസ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് കരുണാനിധി ആവശ്യപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത ടി.വിയില്‍ കേള്‍ക്കാനിടയായ അഹമ്മദ് ചെന്നൈയില്‍ കരുണാനിധിയുടെ ആവശ്യം അംഗീകരിച്ച് ഉടന്‍ പത്രസമ്മേളനവും നടത്തി. പൊതുവേദികളില്‍ ഇ. അഹമ്മദിനെ കണ്ടാല്‍ കരുണാനിധി പുഞ്ചിരി തൂകി പറഞ്ഞിരുന്നത് ‘ഇവര്‍ നമ്മ ആള്’ എന്നാണ്. ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് കേന്ദ്ര മന്ത്രിയായിരുന്ന അഹമ്മദ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: