X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വന്‍തോതില്‍ പണമിടപാട് നടന്നു, പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിനുമെതിരെ തെളിവുണ്ടെന്ന് കോടതി.

ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നെങ്കിലും ഉത്തരവിലെ വിവരങ്ങള്‍ വൈകിട്ടോടെയാണ് പുറത്തുവന്നത്. എറണാകുളം പിഎംഎല്‍എ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

വന്‍തോതിലുള്ള പണമിടപാടുകള്‍ നടന്നതായി കാണുന്നുവെന്നും സാക്ഷി മൊഴിയില്‍ പ്രതികളുടെ പങ്ക് വ്യക്തമാകുന്നുണ്ടെന്നും ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിലെ പണത്തിന്റെ ഉറവിടത്തേക്കുറിച്ചുള്ള പ്രതികളുടെ മറുപടി വിശ്വസനീയം അല്ല.

കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രതികളുടെ രാഷ്ട്രീയ ബന്ധവും കണക്കില്‍ എടുക്കുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ചില പ്രധാന സാക്ഷികള്‍ പ്രതികളുടെ അതേ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്റെ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. സെപ്റ്റംബര്‍ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

webdesk13: