X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സി.പി.എം നേതാവ് എം.എം വര്‍ഗീസിന് വീണ്ടും ഇ.ഡി നോട്ടിസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് വീണ്ടും ഇ.ഡി നോട്ടിസ്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. ഇത് അഞ്ചാം തവണയാണ് വര്‍ഗീസിനെ ചോദ്യംചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറയുന്നത്. നേരത്തെ 4 തവണ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ സി.പി.എമ്മിന്റെ പേരില്‍ 5 രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഇതിലൂടെ 50 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.

അക്കൗണ്ടുകളെ കുറിച്ചൊന്നും വിവരമില്ലെന്നാണു ചോദ്യംചെയ്യലില്‍ എം.എം വര്‍ഗീസ് വ്യക്തമാക്കിയത്. കൂടുതല്‍ അറിയണമെങ്കില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ചോദിക്കണമെന്നും പറഞ്ഞു. എന്നാല്‍, ഇക്കാര്യം വിശ്വസിക്കാന്‍ ഇ.ഡി തയാറായിട്ടില്ല. ബാങ്കില്‍ നടന്നതെല്ലാം അദ്ദേഹത്തിന്റെ തന്നെ അറിവോടെയാണെന്നാണ് അന്വേഷണസംഘം പറയുന്നത്.

കേസില്‍ സുപ്രധാനമായ ചില നീക്കങ്ങള്‍ ഇ.ഡി നടത്തിയിരുന്നു. രഹസ്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള പരിശോധന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും ഇ.ഡി വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് എം.എം വര്‍ഗീസിന് നോട്ടിസ് നല്‍കിയത്. ഇദ്ദേഹത്തിനു പിന്നാലെ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നു സൂചനയുണ്ട്.

webdesk13: