X

‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി ചെയ്താല്‍ മതി’ പൊലീസിനെ ഭീഷണിപ്പെടുത്തി കെ.വി കുഞ്ഞിരാമന്‍


കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എം.എല്‍.എക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി മുസ്തഫ എന്നിവര്‍ക്കെതിരെയാണ് വെളിപ്പെടുത്തലുകള്‍.

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്ഥലത്തെത്തിയ കെ.വി കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സി.പി.എം നേതാക്കള്‍ മോചിപ്പിച്ചതായി സാക്ഷിയുണ്ട്.

കൃത്യത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതകത്തിന്റെ പിറ്റേന്നാള്‍ രാത്രി 8.30ന് വെളുത്തോളിപാക്കം ചെറോട്ടിയില്‍ വച്ച് സജിയുടെ വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കൊപ്പം കെ.വി കുഞ്ഞിരാമന്‍ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി: ‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി മാത്രം ചെയ്താല്‍ മതി’എന്നായിരുന്നു വാക്കുകള്‍. തുടര്‍ന്ന് ഇവരുടെ വാഹനത്തില്‍ സജിയെ കയറ്റിക്കൊണ്ടു പോയി.

നിരന്തരം സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്തെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണുണ്ടായതെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബം ആരോപിച്ചു.

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്തു വന്നിരുന്നു. പ്രതി പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി 7ന് കല്യോട്ട് നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് പുറത്തായത്. ‘ചിതയില്‍ വെക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും’ എന്നിങ്ങനെയുള്ള കൊലവിളി പരാമര്‍ശങ്ങളായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്.

web desk 1: