X

പി.ഡി.പിയുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ്; കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത

ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ബി.ജെ.പി, പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണമായത്.

87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ് പി.ഡി.പി വിജയിച്ചത്. 25 സീറ്റുകളില്‍ ബി.ജെ.പിയും 15 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഗ്രസും 12 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു. ബി.ജെ.പി-പി.ഡി.പി കൂട്ടുകെട്ട് തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ പിന്‍മാറ്റം. ഇതോടെ സര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളാണ് കാശ്മീരില്‍ വേണ്ടത്. ബി.ജെ.പി വിരുദ്ധര്‍ ഒന്നിച്ചില്ലെങ്കില്‍ അവിടെ രാഷ്ട്രപതി ഭരണമായിരിക്കും വരാന്‍ പോകുന്നത്. അതിനിടെ, കോണ്‍ഗ്രസ് പി.ഡി.പിയുമായി സഹകരിക്കില്ലെന്നും സഖ്യത്തിനില്ലെന്നും പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദവും മൂലം കാശ്മീര്‍ താഴ് വരയിലെ ജനങ്ങളുടെ ജീവനും അവകാശങ്ങളും അപകടത്തിലാണെന്നും രാം മാധവ് പറഞ്ഞു.

2015-ലാണ് പി.ഡി.പി-ബി.ജെ.പി പിന്തുണയില്‍ കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇരുകൂട്ടര്‍ക്കുമിടയില്‍ നിലപാടുകളില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും കഠ്‌വ സംഭവത്തിലെ നിലപാടുകള്‍ സഖ്യത്തിന് വെല്ലുവിളിയായി. തുടര്‍ന്നാണ് റംസാനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം പി.ഡി.പി ഉന്നയിക്കുന്നതും. റംസാനില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് തുടരാന്‍ മുഫ്തി ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്നും ബി.ജെ.പി ഒഴിയുകയുമായിരുന്നു. കേന്ദ്രം വെടിനിര്‍ത്തല്‍ നിര്‍ത്തി രംഗത്തെത്തിയതാണ് പ്രശ്‌നം മൂര്‍ച്ഛിപ്പിച്ചത്.

chandrika: