X

കട്ടിപ്പാറ പുനരധിവാസം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ കമ്മിറ്റി; 9ന് കേന്ദ്രസംഘം സന്ദര്‍ശിക്കും

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി ജില്ലാകലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ യോഗം ചേര്‍ന്നു. നിലവില്‍ കണ്ടെത്തിയ 69 കുടുംബങ്ങളില്‍ എത്ര പേര്‍ക്ക് പുനരധിവാസം ഏര്‍പെടുത്തേണ്ടതുണ്ടെന്നും ഇതിന്റെ മുന്‍ഗണന ക്രമം തീരുമാനിക്കുന്നതിനും ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ പഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനീയര്‍ എന്നിവരും കൂടാതെ വിദഗ്ദരായ രണ്ട് ജില്ലാതല ഉദ്യോഗസ്ഥന്‍മാരും അംഗങ്ങളായിരിക്കും.
നിലവില്‍ ഭീഷണിയുള്ള പാറകല്ലുകളും മണ്ണും നീക്കം ചെയ്ത് റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനും വീടുകള്‍ താമസയോഗ്യമാക്കുന്നതിനും ബന്ധപെട്ടവരുടെ യോഗം ചേര്‍ന്ന് നടപടികള്‍ക്ക് വേഗം കൂട്ടും.
ഈ മാസം 9-ാം തിയതി സ്ഥലം സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കൂടാതെ കട്ടിപ്പാറ പഞ്ചായത്തില്‍ സ്ഥിരം ഷെല്‍ട്ടര്‍ സ്ഥാപിക്കാനുള്ള ധനസഹായം അനുവദിക്കാന്‍ ആവശ്യപ്പടാനും തീരുമാനിച്ചു. കട്ടിപ്പാറ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും താമരശ്ശേരി ചുരം റോഡുമാണ് കേന്ദ്രസംഘം സന്ദര്‍ശിക്കുക.
പുനരധിവാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപീകരിച്ച എംഎല്‍എയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിക്ക് ആവശ്യമായ ജില്ലാതലത്തിലുള്ള സഹായം ജില്ലാകലക്ടര്‍ വാഗ്ദാനം ചെയ്തു.

chandrika: