X

‘കശ്മീരിനെ നശിപ്പിച്ചു, ഇനി പിന്തുണ പിന്‍വലിക്കാം’; ബി.ജെ.പിയെ പരിഹസിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ഉപേക്ഷിച്ച ബി.ജെ.പി നീക്കത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എന്ത് സംഭവിച്ചുവെന്നും കെജരിവാള്‍ ചോദിച്ചു.

ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.ഡി.പിയുമായി സഖ്യത്തില്‍ നിന്ന് പിന്മാറുന്ന കാര്യം ബി.ജെ.പി അറിയിച്ചത്. ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ് നീക്കമെന്നായിരുന്നു രാം മാധവിന്റെ അവകാശവാദം. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സഖ്യം ഒഴിവാക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം.

വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് മെഹ്ബൂബ മുഫ്തിക്കുള്ളത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

chandrika: