X

സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ്; മാനേജ്മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നത് തുടര്‍ന്നാല്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ 449 സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

അധികമായി ഈടാക്കിയ ഫീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് തിരിച്ചു കൊടുക്കണമെന്നും ഇല്ലാത്ത പക്ഷം 449 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് കേജ്‌രിവാള്‍ വ്യക്തമാക്കിയത്.

സ്വകാര്യസ്‌കൂളുകളെ സര്‍ക്കാര്‍ വേട്ടയാടുകയല്ലെന്നും കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാനും അമിതമായി ഈടാക്കിയ ഫീസ് തിരികെ കൊടുക്കാന്‍ 449 സ്‌കൂളുകളോട് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫീസ് വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. തലസ്ഥാനത്തെ അറിയപ്പെടുന്ന എല്ല സ്‌കൂളുകള്‍ക്കും ഫീസ് തിരിച്ചുകൊടുക്കാനുള്ള നിര്‍ദേശം നല്‍കിയതായാണ് വിവരം.

വിരമിച്ച ജഡ്ജി അനില്‍ദേവ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അമിത ഫീസ് വര്‍ധനയെ സംബന്ധിച്ച അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഡല്‍ഹിയിലെ 449 സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ശമ്പളക്കമ്മീഷന്റെ പുതിയ ഉത്തരവ് പ്രകാരം അധ്യാപകര്‍ക്ക് ശമ്പളവര്‍ധന നിലവില്‍വന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഫീസ് നിരക്കില്‍ മാറ്റം വരുത്തിയത്.

chandrika: