X

ഗവര്‍ണര്‍ വായിക്കാത്ത ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങള്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് ക്രമപ്രശ്നത്തിലൂടെയാണ് പ്രതിപക്ഷം ഇത് സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, വി.പി സജീന്ദ്രന്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ മനഃപൂര്‍വം ഒഴിവാക്കിയെന്ന് വേണം കണക്കാക്കേണ്ടത്. ഇതേക്കുറിച്ച് ഒരു വിശദീകരണവും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറും നല്‍കിയിട്ടില്ലെന്നും ക്രമപ്രശ്നം അവതരിപ്പിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് സഭയില്‍ വായിക്കാത്ത ഭാഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവര്‍ണര്‍ വിട്ടുപോയെങ്കില്‍ അക്കാര്യം സ്പീക്കര്‍ അദ്ദേഹത്തെ അറിയിക്കുകയും അതില്‍ വ്യക്തത വരുത്തുകയും ചെയ്യേണ്ടതായിരുന്നുവെന്ന് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വായിച്ച നയപ്രഖ്യാപനമാണോ അതോ വായിക്കാത്തതാണോ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. നിസാര അക്ഷരത്തെറ്റുകള്‍പോലും ഗൗരവമായാണ് കാണുന്നത്. ഇത് തിരുത്തണമെങ്കില്‍പോലും സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ കടക്കേണ്ടതുണ്ട്. ത്രിപുരയിലും സമാനമായ സംഭവമുണ്ടായി. അവിടെ ഇത് വലിയ പ്രശ്‌നമായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഗവര്‍ണര്‍ ഒഴിവാക്കിയത് നിര്‍ണായകമായ കാര്യങ്ങളാണ്. സംസ്ഥാനത്തിന്റെ ഭാവിനയത്തെ കുറിച്ച് പറയുന്ന ഗവണ്‍മെന്റിന്റെ നയത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനോട് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും മുനീര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച വി.പി.സജീന്ദ്രനും ഇതേ വാദഗതികളാണ് മുന്നോട്ടു വെച്ചത്. വിഷയത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കണമെന്നും പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രസംഗത്തിലെ ഭാഗം നീക്കേണ്ടെന്ന വാദമുയര്‍ത്തി സുരേഷ് കുറുപ്പ് രംഗത്തെത്തി. അച്ചടിച്ച് സഭയില്‍ അവതരിപ്പിച്ച പ്രസംഗം സഭാരേഖയായെന്നും അദ്ദേഹം വാദമുയര്‍ത്തി. ഇതോടെ നിയമമന്ത്രി എ.കെ ബാലന്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കി. ഗവര്‍ണര്‍ അംഗീകരിച്ച പ്രസംഗമാണിതെന്നും അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അനാവശ്യ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് അംഗീകരിച്ച ശേഷം ഗവര്‍ണര്‍ക്ക് കൊടുത്ത പ്രസംഗം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. വിയോജിപ്പുണ്ടായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ അത് സഭയില്‍ തുറന്നു പറയുമായിരുന്നുവെന്നും ബാലന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷമുയര്‍ത്തിയ ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്ന റൂളിംഗും സ്പീക്കര്‍ നല്‍കി. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുപോയത് ഒരു കാരണമായി കാണാനാവില്ല. അച്ചടിച്ച പ്രസംഗം പൂര്‍ണമായി വായിച്ചതായി പരിഗണിക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗില്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിലെ ഒന്‍പതാം ഖണ്ഡികയിലുള്ള പരാമര്‍ശങ്ങളില്‍ ചിലതാണ് ഗവര്‍ണര്‍ മനഃപൂര്‍വം വായിക്കാതെ ഒഴിവാക്കിയത്. കേന്ദ്രത്തിനെ പ്രത്യക്ഷമായിത്തന്നെ ആക്രമിക്കുന്നതും അതോടൊപ്പം സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി വിമര്‍ശിക്കുന്നതുമായിരുന്നു നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും. എന്നാല്‍ സഹകരണ ഫെഡറലിസം, വര്‍ഗീയ ലഹള എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിനെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങളില്‍ പോലും കേന്ദ്ര ഇടപെടല്‍ നടക്കുന്നുവെന്ന ഭാഗവും സഹകരണ ഫെഡറലിസത്തെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടുന്നു എന്നുമുള്ള ഭാഗങ്ങളാണ് ഗവര്‍ണര്‍ പൂര്‍ണമായും ഒഴിവാക്കിയത്.
ചില വര്‍ഗീയ സംഘടനകള്‍ ലഹളക്ക് ആസൂത്രണം ചെയ്തിരുന്നെങ്കിലും സംസ്ഥാനത്ത് ഒരു ലഹളകളും ഉണ്ടായില്ല എന്നായിരുന്നു നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ഒന്നുമുണ്ടായില്ല എന്നുമാത്രമായി ഗവര്‍ണര്‍ അതിനെ ലഘൂകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് പ്രതിപക്ഷം ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചത്.

chandrika: