X
    Categories: Sports

ഐ.എസ്.എല്‍ സീസണ്‍ സിക്‌സ്‌: ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം; മത്സര ഷെഡ്യൂള്‍ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ സീസണില്‍ വന്‍ പരാജയമേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തയ്യാറെടുപ്പുകളോടെയാണ് പുതിയ സീസണിനായി ഇറങ്ങുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് പ്രീസീസണ്‍ ടൂര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25ന് ടീം കൊച്ചിയില്‍ ഒത്തുചേരും. ഇതിന് ശേഷമായിരിക്കും യു.എ.ഇയിലേക്ക് പുറപ്പെടുക. നോര്‍ത്ത് ഈസ്റ്റ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. നെലോ വിന്‍ഗാദക്ക് പകരമായാണ് ഷറ്റോരിയുടെ നിയമനം. അസി.കോച്ചായിരുന്ന തോങ്‌ബോയ് സിങ്‌തോയെയും ടീം മാറ്റി. സി.ഇ.ഒ സ്ഥാനത്തും മാറ്റം വന്നു. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോഞ്ഞ, നൈജീരിയയുടെ ബെര്‍ത്തലോ ഒഗ്‌ബെച്ചെ, ഡച്ച് താരം ജിയാനി സുയിവര്‍ലൂണ്‍, സെനഗല്‍ മിഡ്ഫീല്‍ഡര്‍ മുസ്തഫ ഗിനിങ്, ബ്രസീല്‍ ഡിഫന്‍ഡര്‍ ജെറോ റോഡിഗ്രസ് എന്നിവര്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ താരങ്ങളെയും ക്ലബ്ബ് ഇത്തവണ പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയോട് ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് ജയിക്കാനായത് ഒരു മത്സരം മാത്രം. സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈക്കെതിരെ. മറ്റെല്ലാ മത്സരങ്ങളും തോല്‍ക്കുകയോ സമനിലയില്‍ കലാശിക്കുകയോ ചെയ്തു. ഇത്തവണയും ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. വേദി കൊച്ചിയാണെന്ന് മാത്രം.

ബ്ലാസ്റ്റേഴ്‌സിന്റെ ഷെഡ്യൂള്‍ ഇങ്ങനെ...
ഹോം മത്സരങ്ങള്‍: ഒക്ടോബര്‍ 20-എ.ടി.കെ, 24-മുംബൈ, നവംബര്‍-8-ഡെല്‍ഹി ഡൈനാമോസ് എഫ്.സി, ഡിസംബര്‍-1-എഫ്.സി ഗോവ, 13-ജംഷെഡ്പൂര്‍ എഫ്.സി, 28-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ജനുവരി-5-എഫ്.സി പൂനെ സിറ്റി, ഫെബ്രുവരി-1-ചെന്നൈയിന്‍ എഫ്.സി, 15-ബെംഗളൂരു എഫ്.സി.

എവേ മത്സരങ്ങള്‍: നവംബര്‍-2-എഫ്.സി പൂനെ സിറ്റി, 23-ബെംഗളൂരു എഫ്.സി, ഡിസംബര്‍-5, മുംബൈ സിറ്റി എഫ്.സി, 20-ചെന്നൈയിന്‍ എഫ്.സി, ജനുവരി-12-എ.ടി.കെ, 19-ജംഷഡ്പൂര്‍ എഫ്.സി, 25-എഫ്.സി ഗോവ, ഫെബ്രുവരി-9-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, 23-ഡെല്‍ഹി ഡൈനാമോസ് എഫ്.സി

chandrika: