X

മാര്‍ക്ക് കൊച്ചിയിലെ കാണികള്‍ക്ക്

കമാല്‍ വരദൂര്‍
നാസോണും ഹ്യൂസും നേടിയ ഗോളുകളെക്കാള്‍ സുന്ദരം രണ്ട്് മലയാളികള്‍ രണ്ട് വിംഗുകളിലുടെ കുതിച്ച കൊച്ചി കാഴ്ച്ചയായിരുന്നു. നമ്മുടെ സ്വന്തം താരങ്ങളെ ആദ്യ ഇലവനില്‍ തന്നെ അവതരിപ്പിച്ചത് വഴി കോച്ച് കാപ്പല്‍ തേടിയത് ഗ്യാലറിയുടെ പിന്തുണയായിരുന്നു. അത് തുടക്കം മുതല്‍ തന്നെ ലഭിച്ചു. മഞ്ഞപ്പടക്ക് ലഭിച്ച ആ പിന്തുണയില്‍ പൂനെക്കാര്‍ തളരുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. അനിബാള്‍ റോഡിഗ്രസിനെ പോലെ ഒരു താരം കഴിഞ്ഞ മല്‍സരങ്ങളില്‍ നടത്തിയ കുതിപ്പ് നമ്മള്‍ കണ്ടതാണ്. പക്ഷേ ഇവിടെ അദ്ദേഹത്തിന് ഗ്യലറിയിലെ ആരവങ്ങളായിരുന്നു തിരിച്ചടി. പലപ്പോഴും ആ താരം ബ്ലാസറ്റേഴ്‌സ് പെനാല്‍ട്ടി ബോക്‌സില്‍ കയറി പരിഭ്രാന്തനായി-പൂനെക്കാരില്‍ ആരും ആത്മവിശ്വാസത്തോടെയായിരുന്നില്ല കളിച്ചത്. ഇവിടെയാണ് കാണികള്‍ക്ക് 100 ല്‍ 100 മാര്‍ക്ക് നല്‍കേണ്ടത്. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയോട് അഞ്ച് ഗോളിന് തോറ്റ ടീമാണ് സ്വന്തം മൈതാനത്ത് സ്വന്തം കാണികള്‍ക്ക് നടുവില്‍ സുരക്ഷിതരായും അനായാസവും കളിച്ചത്. ഇത്തരത്തില്‍ കളിക്കുമ്പോള്‍ ബ്ലാസറ്റേഴ്‌സിന് തീര്‍ച്ചയായും സെമി സാധ്യതയുണ്ട്. വിംഗുകളിലെ കുതിപ്പില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കുമായിരുന്നു. പക്ഷേ പലപ്പോഴും നാസോണും ബെല്‍ഫോട്ടും പന്ത് വെച്ച് താമസിപ്പിച്ചു. രണ്ടാം പകുതിയിലെ ആധിപത്യത്തില്‍ വീനിതും റാഫിയുമെല്ലാം നടത്തിയ കുതിപ്പില്‍ ഗോള്‍ക്കീപ്പര്‍ ഇദലിന്റെ മികവാണ് പൂനെക്ക് തുണയായത്. കേരളത്തിന് ഇനി ബാക്കി രണ്ട് മല്‍സരങ്ങളാണ്- ഇപ്പോള്‍ ടേബിളില്‍ മൂന്നാമത്. തോല്‍ക്കാതെ നിന്നാല്‍ അവസാന നാല് അന്യമല്ല. അവസാന രണ്ട് കളികളില്‍ ഒന്ന് കൊച്ചിയില്‍ തന്നെയാവുമ്പോള്‍ കൊച്ചി തന്നെ ആതിഥേയത്വം വഹിക്കുമെന്ന് കരുതുപ്പെടുന്ന കലാശപ്പോരാട്ടത്തില്‍ കോപ്പലിന്റെ സംഘം കളിക്കുന്നപക്ഷം അതൊരു ചരിത്രമാവും.

chandrika: