X

ബും ബും ബ്ലാസ്റ്റ്; വിജയം 2-1ന്

ഒരൊറ്റ മത്സരത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയിലെ ദുരന്ത രാത്രി മറന്നു. പൂനെ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും 18 പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.

ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം വിജയത്തോടെ ഐ.എസ്.എലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡും കേരളം സ്വന്തം പേരില്‍ കുറിച്ചു. ഏഴാം മിനുറ്റില്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും 57ാം മിനുറ്റില്‍ നായകന്‍ ആരോണ്‍ ഹ്യൂസുമാണ് ആതിഥേയരുടെ ഗോള്‍ കുറിച്ചത്. അധികസമയത്ത് സ്പാനിഷ് താരം അനിബാല്‍ റോഡ്രിഗസാണ് പൂനയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ ഹോം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് സമനില പാലിച്ചിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ മുംബൈ, ഗോവ, ചെന്നൈയിന്‍ ടീമുകളെ തോല്‍പിച്ചു.

29ന് കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരം വിജയിച്ചാല്‍ ഏറെകുറേ ടീമിന് സെമി ഉറപ്പിക്കാം. തോറ്റെങ്കിലും പൂനെയുടെ അഞ്ചാം സ്ഥാനത്തിന് മാറ്റമില്ല. ഒരു കളി മാത്രം അവശേഷിക്കുന്ന പൂനെയുടെ സാധ്യതകള്‍ ഏറക്കുറേ അസ്തമിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. നാസോണും ബെല്‍ഫോാര്‍ട്ടും റാഫിയും ഉള്‍പ്പെട്ട മുന്നേറ്റം ആദ്യ നിമിഷങ്ങളില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കി. പൂനെ താളത്തിലാകാന്‍ സമയമെടുത്തു. ഇടതുവശമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ മേഖല. മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ഫോര്‍ട്ട്-നാസണ്‍ സഖ്യം പൂനെ ഗോള്‍ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും എദല്‍ ഗോള്‍ശ്രമം വിഫലമാക്കി. ഏഴാം മിനിറ്റില്‍ ഗോളെത്തി. ഗോളി ഏദെല്‍ ബെറ്റെയെുടെ ഗോള്‍ കിക്ക് മധ്യവരയ്ക്കപ്പുറം ഇടതുവശത്ത് വച്ച് തട്ടിത്തെറിച്ചു. പുണെ പ്രതിരോധക്കാരന്‍ രാവണന്‍ ധര്‍മരാജ് ബാക്ക് പാസ് നല്‍കി. പന്ത് അപ്പോഴേക്കും നാസോണ്‍ കാലില്‍ കൊരുത്തു. അസാമാന്യ കുതിപ്പ് നടത്തിയ ഹെയ്തിതാരം ഇടതുവശത്ത് ഗൗര്‍മാംഗി സിങ്ങിനെ വെട്ടിയൊഴിഞ്ഞിം ബോക്‌സില്‍. തടയാനെത്തിയ രാവണന് അവസരം നല്‍കാതെയും ഏദലിനെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

ലീഡ് വഴങ്ങിയതിന് ശേഷം മുഹമ്മദ് സിസോക്കോയുടെ നേതൃത്വത്തില്‍ പുനെ ഉണര്‍ന്നു കളിച്ചു. സിസോക്കോ നിരന്തരം പന്തെത്തിച്ച് സന്ദീപ് നന്ദിയെ പലവട്ടം പരീക്ഷിച്ചു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജൊനാതന്‍ ലൂക്കാ തൊടുത്ത ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തായി. 36ാം മിനിറ്റില്‍ പുനെക്ക് കളിയിലെ ഏറ്റവും മികച്ച അവസരം കിട്ടി. ഇടതുവശത്ത്‌നിന്ന് അനിബാള്‍ ഉയര്‍ത്തിവിട്ട പന്ത് ഇസുമി രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയില്‍വച്ച് തലകൊണ്ട് കുത്തി. പന്ത് ബാറിന് മുകളിലൂടെയാണ് പോയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തി. നാസണിന്റെ അടി വലയുടെ അരികില്‍ തട്ടി. പിന്നാലെ റാഫിയും ഗോളിന് അടുത്തെത്തിയെങ്കിലു പന്ത് ഏദെലിന്റെ കാലില്‍ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തി. നായകന്‍ ആരോണ്‍ ഹ്യസിന്റെ പരിചയ സമ്പന്നതയും മികവുമൊത്ത ഹെഡറിലൂടെയായിരുന്നു ഗോള്‍ പിറന്നത്.

മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്ക്് മധ്യഭാഗത്ത്് നിന്ന് വലയിലേക്ക് തിരിച്ചിടാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശ്രമം. പക്ഷേ പന്ത് കിട്ടിയത് ഇടതുഭാഗത്ത് ഒറ്റക്ക് നില്‍ക്കുകയായിരുന്നു വിനീതിന്. നെഞ്ച് കൊണ്ട്് പന്ത് വരുതിയിലാക്കിയ ശേഷം വിനീത് തൊടുത്ത ക്രോസ് പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന ആരോണ്‍ ഹ്യൂസ് സുന്ദരമായി തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. നായകന്റെ ഗോളില്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. 56ാം മിനുറ്റില്‍ റാഫിയുടെ മികച്ചൊരു ഗോള്‍ ശ്രമം അതേ മികവില്‍ തന്നെ അഡ്വാന്‍സ് ചെയ്ത എദല്‍ കയ്യിലൊതുക്കി. പിന്നാലെ റാഫിയെ തിരിച്ചു വിളിച്ച് ഇഷ്ഫാഖിനെ കോപ്പല്‍ കളത്തിലിറക്കി. നാസോണിന് പകരം ജര്‍മെയ്‌നും വന്നു. മികച്ച പന്തടക്കത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡിനായി പലവട്ടം പൂനെയുടെ ബോക്‌സിലേക്കെത്തി. എദലിന്റെ മികവുള്ള പ്രകടനം ആതിഥേയരുടെ ലീഡ് മോഹങ്ങള്‍ ആസ്ഥാനത്താക്കി. കേരളം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതിയിരുന്ന നിമിഷത്തിലായിരുന്നു റോഡ്രിഗസിലൂടെ പൂനെയുടെ ആശ്വാസ ഗോള്‍ വീണത്.

chandrika: