X

നോട്ടുപ്രതിസന്ധി: സഹകരണബാങ്കുകളുടെ കുടിശ്ശിക നിവാരണം പാളും

തിരുവനന്തപുരം: കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി സഹകരണബാങ്കുകള്‍ ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന കുടിശിക നിവാരണ യജ്ഞം നോട്ടുപ്രതിസന്ധി തുടര്‍ന്നാല്‍ പാളും.
നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയതുമായി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കുടിശിക നിവാരണത്തിലൂടെ നിര്‍ദിഷ്ടലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. നോട്ടുപ്രതിസന്ധിക്ക് പുറമെ ഈ നിഷ്‌ക്രിയ ആസ്തികള്‍(കിട്ടാക്കടം) സഹകരണസ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളനുസരിച്ച് 30,000 കോടിയിലധികമാണ് സഹകരണ മേഖലയിലെ കിട്ടാക്കടം. പഴയ നോട്ട് കൈമാറ്റവും നിക്ഷേപവും വരെ റിസര്‍വ് ബാങ്ക് വിലക്കിയതോടെ വായ്പാ തിരിച്ചടവ് കുറഞ്ഞ് കിട്ടാക്കടത്തിന്റെ തോത് വര്‍ധിക്കുമെന്നതാണ് സ്ഥിതി. പ്രതിസന്ധികളില്ലാതിരുന്ന മാര്‍ച്ച് 31 വരെ നാല്‍പ്പത് ശതമാനമാണ് പ്രാഥമിക സഹകരണമേഖലയിലെ കിട്ടാക്കടം. എതാണ്ട് 28,580 കോടി.

പരിയാരം മെഡിക്കല്‍ കോളേജിന് ഹഡ്‌കോയിലും ജില്ലാ ബാങ്കുകളിലുമായി വായ്പാ തുക 100 കോടി കടന്നു. കണ്‍സ്യൂമര്‍ഫെഡിലടക്കം എല്ലാ ഫെഡറേഷനുകള്‍ക്കും വായ്പ നല്‍കിയ വകയില്‍ സംസ്ഥാനസഹകരണബാങ്കിലേക്ക് മാത്രം 600 കോടിയോളം തിരിച്ചടവുണ്ട്. വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങളിലായി 182 കോടി രൂപയാണ് റബ്‌കോയുടേത് മാത്രം തിരിച്ചടവില്ലാതെ നില്‍ക്കുന്നത്.

സംസ്ഥാന സഹകരണ ബാങ്കില്‍ 20 കോടി വേറെയും. സഹകരണസ്ഥാപനങ്ങളിലെ വായ്പാ കുടിശികകളിലെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കുന്നതിന് നിലവില്‍ പ്രത്യേക പദ്ധതികളില്ല. എന്നാല്‍ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി-വര്‍ഗക്കാര്‍, എന്നിവര്‍ എടുത്തിട്ടുള്ള വായ്പക്ക് ഇളവ് അനുവദിക്കുന്നതിന് കടാശ്വാസ പദ്ധതികള്‍ ഉണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കിട്ടാക്കടം പിരിച്ചെടുക്കുന്നതിനായി സംഘടിപ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ. 500 കോടിയോളം ഇളവ് നല്‍കിയെങ്കിലും 14,200 കോടിയോളം രൂപ ഈടാക്കാനായി.ഇതിന് പുറമെയാണ് ഈ 30,000 കോടി അവശേഷിക്കുന്നത്. 2011ല്‍ 1007.05 കോടി രൂപയും 2012ല്‍ 1995.61 കോടിയും 2014 ല്‍ 3079.53 കോടിയും 2015 ല്‍ 4030.98 കോടിയും 2016 ല്‍ 4089.78 കോടിയും പിരിച്ചെടുത്തു.

അതേ സമയം സഹകരണബാങ്കുകളില്‍ നിക്ഷേപകരില്ലാതെ 80.86 കോടി രൂപ കിടപ്പുണ്ടെങ്കിലും സഹകരണനിയമപ്രകാരം ഇത് ബാങ്കിന് മൂലധനവ്യാപ്തിക്കായി ചെലവഴിക്കാന്‍ കഴിയില്ല. പ്രാഥമിക സഹകരണസംഘങ്ങളില്‍ മാത്രം 50.59 കോടി രൂപയാണ് ആളില്ലാതെ കിടക്കുന്നത്.
അര്‍ബന്‍ സഹകരണബാങ്കുകള്‍ 3.79 കോടി രൂപയും അര്‍ബന്‍ സഹകരണസംഘങ്ങളില്‍ അരക്കോടിയും ജില്ലാ സഹകരണബാങ്കുകളില്‍ 23.93 കോടിയും സംസ്ഥാനസഹകരണബാങ്കില്‍ 2.09 കോടിയും രൂപയുമാണ് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ കൈപ്പറ്റാതെ കിടക്കുന്നത്.

chandrika: