X

ബജറ്റിൽ വിനോദസഞ്ചാര മേഖലക്ക് അവഗണന

വിനോദ സഞ്ചാര മേഖലക്ക് ബജറ്റ് സമ്മാനിച്ചത് അവഗണന. നിലവിൽ തകർന്നിരുക്കുന്ന മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക സമഗ്ര സാമ്പത്തിക പാക്കേജ് എന്ന ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും ബജറ്റിൽ ഇടംനേടാത്തതിന്റെ നിരാശയിലാണ് വിനോദസഞ്ചാര മേഖലയിലെ സംരംഭകർ. ടൂറിസം മാർക്കറ്റിംഗിനായി നൂറ് കോടി വകയിരുത്തിയതാണ് ഏക പ്രതീക്ഷ. പലിശ രഹിത വായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ മേഖലയെ എത്രമാത്രം സ്വാധീനിക്കുമെന്നത് കണ്ടറിയണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്. ഇത് നിരന്തരം അറിയിച്ചിരുന്നെങ്കിലും ആശ്വാസം പകരുന്ന വാർത്ത ബജറ്റിൽ ഇല്ലാതെ പോയി. മേഖലക്ക് ആകെ ഉണർവേകുന്ന സമഗ്ര സാമ്പത്തിക പാക്കേജ് ആയിരുന്നു ഹൗസ് ബോട്ട് മേഖലയിലെ വ്യവസായികൾ ഉൾപ്പെടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ ടൂറിസം ഹബ്ബ് ആയി മാറിയ ആലപ്പുഴയിൽ നിന്നുള്ള ധനമന്ത്രി ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്.

വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പടെയുള്ളവരെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം പുതിയ പാക്കേജ് ഗുണകരമാകുമാമയിരുന്നു. കേരളം സുരക്ഷിത ഇടമെന്ന ക്യാമ്പയിൻ കൂടുതൽ സഞ്ചാരികളെ എത്തിക്കുമെന്നാണ് സംരംഭകർ കരുതുന്നത്. പലിശ രഹിത വായ്പയെ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മുൻപ് പ്രഖ്യാപിച്ച് പാളിപ്പോയ പദ്ധതിയാണിത്. ബാങ്കുകൾ ടൂറിസം സംരംഭകർക്ക് വായ്പ നിഷേധിച്ചതായിരുന്നു കാരണം.

zamil: