X
    Categories: More

സൗരോര്‍ജത്തിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി; ജലവൈദ്യുതി വേണമെന്ന് മന്ത്രി മണി

കോഴിക്കോട്: അതിരപ്പിള്ളി ഉള്‍പ്പെടെ ജലവൈദ്യുതി പദ്ധതിക്കായി വൈദ്യുതി മന്ത്രി എം.എം മണി വാശിപിടിക്കുമ്പോള്‍ സൗരോര്‍ജ്ജ പദ്ധതിയാണ് നല്ലതെന്ന അഭിപ്രായവുമായ് മുഖ്യമന്ത്രി. ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ സൗരോര്‍ജ മേഖലയിലേക്ക് വേഗത്തില്‍ ചുവടുവക്കുകയാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജലവൈദ്യുതി പദ്ധതികളെ കേരളത്തിന് കൂടുതല്‍ കാലം ആശ്രയിക്കാനാവില്ല. സൗരോര്‍ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന് നാം ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്ലാതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്ന് നാം തിരിച്ചറിയണം. വലിയ വീടുകള്‍ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. ഗ്രാമങ്ങളില്‍ പോലും വലിയ വീടുകള്‍ നിരവധിയുണ്ട്. ഈ വീടുകളെല്ലാം സൗരോര്‍ജം കൂടി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറണം. വീടുകളുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ സൗരോര്‍ജ പ്ലാന്റുകള്‍ക്കുള്ള സൗകര്യം കൂടി ഒരുക്കണം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും അവയുടെ പ്രവര്‍ത്തനത്തിന് സൗരോര്‍ജം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി അധ്യക്ഷനായിരുന്നു. മറ്റൊരു ചടങ്ങില്‍ സംബന്ധിക്കവെ അതിരപ്പിള്ളി പദ്ധതി പോലുള്ള ജലവൈദ്യുത പദ്ധതികള്‍ കൂടുതലായി വേണമെന്ന് മന്ത്രി മണി പറഞ്ഞിരുന്നു. സൗരോര്‍ജ്ജപദ്ധതികള്‍ ചെലവ് കൂടിയതും സ്ഥലം കൂടുതല്‍ ആവശ്യമുളളതുമാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. അതിരപ്പിള്ളിയെപ്പോലെ പളളിവാസല്‍, കുട്ടിക്കാനം, ചാത്തന്‍കോട്ട് നട, മാങ്കുളം തുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ തള്ളി സൗരോര്‍ജ്ജമാണ് നല്ലതെന്ന നിലപാടുമായ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

chandrika: