X

കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം മെയ് 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചു. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ്. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

web desk 3: