X

പരിശോധിക്കുന്ന 15ല്‍ ഒരാള്‍ക്ക് കോവിഡ്; ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയിട്ടും ക്രൈസിസ് മാനേജ്‌മെന്റ് യോഗം വിളിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധിക്കുന്ന 15 പേരില്‍ ഒരാള്‍ക്ക് കോവിഡ് കണ്ടെത്തുന്നുവെന്ന് കണക്കുകള്‍. പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ നിന്ന് ഏഴു ശതമാനം വരെ ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ജൂണില്‍ പരിശോധന നടത്തുന്ന 42ല്‍ ഒരാള്‍ക്കായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂലൈയില്‍ 20ല്‍ ഒരാള്‍ക്ക് എന്ന നിലയിലായി.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറവായിരുന്നു. ഓഗസ്റ്റ് 31ന് 18027 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്നിന് 14137 കോവിഡ് പരിശോധനയാണ് നടത്തിയത്. സ്ഥിരീകരിച്ചത് 1140 കേസുകളും. സെപ്തംബര്‍ രണ്ടിന് 23850 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദിവസം അമ്പതിനായിരം പേര്‍ക്ക് പരിശോധന നടത്തും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും അതിലേക്ക് സംസ്ഥാനം ഇതുവരെ എത്തിയിട്ടില്ല.

പരിശോധന കൂടുന്ന മുറയ്ക്ക് കേസുകളിലും വര്‍ദ്ധനയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഈ മാസം പകുതിയോടെ കോവിഡ് മൂര്‍ദ്ധന്യത്തിലെത്തും എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ അയ്യായിരത്തിലേറെ കേസുകള്‍ ഉണ്ടാകാനാണ് സാധ്യത. ഓണത്തിന് സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കൂടി ഇതില്‍ പ്രതിഫലിച്ചേക്കും.

അതിനിടെ, കോവിഡില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ട് മൂന്നാഴ്ചയായി. കേസുകള്‍ കൂടുന്ന സാഹചര്യത്തിലും യോഗം കൂടാത്തത് വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതിദിന കേസുകളിലെ വര്‍ധനാ നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ രണ്ടാം സ്ഥാനത്താണെന്നുമാണ് കേന്ദ്രം പറയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ എടുത്തു കളയാനുള്ള അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

പരിശോധനയില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പ്രതിദിന കേസുകളില്‍ 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് കേരളമുള്ളത്. 17.80 ശതമാനം ആണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്.

 

 

 

Test User: