X

സന്തോഷ്‌ട്രോഫി; കേരളം ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍തളച്ച് എ ഗ്രൂപ്പില്‍ നിന്ന് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ആതിഥേയര്‍ക്ക് ഇന്ന് തോല്‍വിയൊഴിവാക്കിയാല്‍ ഫൈനലിലേക്ക് യോഗ്യതനേടാന്‍ കഴിയുമായിരുന്നു. ആന്ധ്രയോട് ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വിനേരിട്ട കര്‍ണാടക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അതേസമയം ഇന്ന് നടന്ന ആദ്യമത്സരത്തില്‍ ആന്ധ്രപ്രദേശ്-പുതുച്ചേരി മത്സരം സമനിലയില്‍ പിരിഞ്ഞു.(0-0)
കേരളത്തിനെതിരെ പരുക്കന്‍കളിയാണ് കര്‍ണാടക ആദ്യവാസനം പുറത്തെടുത്തത്.

മത്സരത്തിന്റെ 27ാംമിനിറ്റില്‍ കേരള സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനെതിരായ അപകടകരമായി ഫൗള്‍ചെയ്തതിന് കര്‍ണാടക ഡിഫെന്‍ഡര്‍ അരുണ്‍പോണ്ടിക്കെതിരെ ലഫ്രി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയ അയല്‍ക്കാര്‍ക്കെതിരെ ഗോള്‍നേടാനുള്ള അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തി. മധ്യനിരയില്‍ നിന്ന് മുന്നേറ്റനിരക്ക് പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ അവസാന മത്സരം വിജയിച്ച് കയറാനുള്ള കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.

അതേസമയം മികച്ച ഫോമില്‍ കളിച്ച കേരളതാരം ജോബി ജസ്റ്റിനെ മികച്ചരീതിയില്‍ മാര്‍ക്ക് ചെയ്യുന്നതില്‍ കര്‍ണാടക വിജയിച്ചു. ക്യാപ്റ്റന്‍ ഉസ്മാന്‍, യുവതാരം സഹല്‍ അബ്ദുല്‍സമദ് എന്നിവരും കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയില്ല. ആദ്യ രണ്ട് കളിയില്‍ പിന്തുടര്‍ന്ന 4-3-3 ഫോര്‍മേഷനാണ് ടീം ഇന്നും കളത്തിലിറങ്ങിയത്.

chandrika: